അന്തിക്കാട്: പിറന്ന മണ്ണിന്റെ മോചനത്തിനായുള്ള പോരാട്ടങ്ങളിൽ കയ്യൂരിന്റെയും കരിവള്ളൂരിന്റെയും പുന്നപ്ര-വയലാറിന്റെയും ഒപ്പം മലയാളി ഹൃദയത്തിൽ ചേർത്തുവെച്ച ഗ്രാമമാണ് അന്തിക്കാട്. കേരളത്തിലെ ചെത്തുതൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രഭവകേന്ദ്രം. 1941-46 കാലഘട്ടത്തിലാണ് പ്രസിദ്ധമായ അന്തിക്കാട് ചെത്തുതൊഴിലാളി സമരം നടന്നത്. ഇത് കേവലം തൊഴിലവകാശ സമരമായിരുന്നില്ല. സ്വാതന്ത്ര്യസമരത്തിന്റെ കൂടി ഭാഗമാണത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും വർഗ ബഹുജന പ്രസ്ഥാനങ്ങളുടെയുമെല്ലാം വളർച്ചക്ക് അവിസ്മരണീയമായ സംഭാവനകൂടിയായിരുന്നു ആ സമരം. ഏനാമാവ് - പെരിങ്ങോട്ടുകര - ആലപ്പാട് - പുള്ള് വരെ നീളുന്ന 12 വില്ലേജുകൾ അടങ്ങിയതായിരുന്നു അന്തിക്കാട് ഫർക്ക. കള്ള് ചെത്ത് വ്യവസായത്തിന്‍റെ ഈറ്റില്ലമാണ് അന്ന് അന്തിക്കാട്.
തൊഴിലാളികളെ അടിമകളെ പോലെ മൃഗതുല്യമായി പീഡിപ്പിച്ച കെട്ടകാലത്താണ് സഖാവ് ജോർജ് ചടയംമുറി ഇവിടെയെത്തുന്നത്. തൊഴിലാളികളെ സംഘടിപ്പിച്ച് പടയൊരുക്കാൻ അദ്ദേഹം തീരുമാനിച്ചു. ചെത്തുതൊഴിലാളി യൂനിയന് രൂപം നൽകാൻ അന്തിക്കാടിന്‍റെ ഹൃദയത്തിലേക്ക് നാട്ടിടവഴികളിലൂടെ ചെത്തുതൊഴിലാളികൾ ചേറ്റുകത്തിയുമായി സംഘടിച്ച് എത്തി. ആദ്യമായി യൂനിയൻ തൊഴിലാളി സമരം പ്രഖ്യാപിച്ചു. കൂലിവർധനക്ക് വേണ്ടി നാലുദിവസം നീണ്ട പണിമുടക്ക്. എന്നാൽ, പണിമുടക്കിനെ പൊളിക്കാൻ ഗുണ്ടകളെയും പൊലീസിനെയും ഇറക്കി. പൊലീസ് സംരക്ഷണയിൽ കള്ള് കൊണ്ടുപോകാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി 15 കോൺട്രാക്ടർമാരെ ഇറക്കി. ഇതിനെ നേരിടാൻ ചെത്ത് തൊഴിലാളി യൂനിയൻ തീരുമാനിച്ചു. പൊലീസ് സംരക്ഷണയിൽ കൊണ്ടുവന്ന കള്ളുകുടങ്ങൾ പ്രവർത്തകർ അടിച്ചുടച്ചു. ഒരു പൊലീസുകാരനെ പിടിച്ചുനിർത്തി ഇൻക്വിലാബും വിളിപ്പിച്ചാണ് വിട്ടയച്ചത്.
തൊഴിലാളി പ്രക്ഷോഭത്തെ നേരിടാൻ പട്ടാളത്തെ ഇറക്കി. ചെത്തുതൊഴിലാളി യൂനിയനെ നിരോധിച്ചു. കള്ളു തൊഴിലാളി യൂനിയൻ എന്ന പേരിൽ പുതിയ സംഘടനയുണ്ടാക്കിയെങ്കിലും അതും നിരോധിച്ചു. യൂനിയൻ പിരിച്ചുവിടാതെ സമരത്തിൽ ഇടപെടില്ലെന്നായിരുന്നു സർക്കാറിന്‍റെ അന്ത്യശാസനം. ഇതോടെ തൊഴിലാളികളുടെ വീര്യം വർധിച്ചു.
സഖാവ് ജോർജ് ചടയംമുറിയുടെ നേതൃത്വത്തിൽ ചരിത്രസമരത്തിന് ചെത്തുതൊഴിലാളികൾ പതാക വാഹകരായി. അന്തിക്കാടിന്‍റെ പകൽ അസ്തമിച്ച ആ രാത്രി നിലാവെട്ടത്തെ സാക്ഷിയാക്കി മുതലാളിമാരുടെ തെങ്ങിൽ കയറി കുല മുറിച്ചിട്ട് തൊഴിലാളി സമരത്തിന്‍റെ വിപ്ലവഭേരി മുഴക്കി. നാടെങ്ങും സമരാഗ്നിയിൽ ജ്വലിച്ചു. രണ്ടായിരത്തിൽപ്പരം തൊഴിലാളികൾ ഒറ്റരാത്രികൊണ്ട് ഏഴായിരത്തോളം തെങ്ങുകളുടെ കുല മുറിച്ചിട്ടു. തുടർന്ന് കർഫ്യൂവും അറസ്റ്റും മർദനവും എല്ലാമായി ഭീകരാന്തരീക്ഷമായി. ഓരോ വില്ലേജിലും പൊലീസ് ക്യാമ്പ് തുടങ്ങി. അന്തിക്കാട് മണൽത്തീരം തൊഴിലാളികളുടെയും കമ്യൂണിസ്റ്റുകാരുടെയും ചോരവീണ് ചുവന്നു. വിചാരണപോലുമില്ലാതെ രണ്ടുവർഷത്തിലേറെയാണ് അന്തിക്കാട് സമരസേനാനികളെ തടവിലിട്ടത്. ഈ സംഭവത്തോടെ പാർട്ടിനേതാക്കൾ ദീർഘകാലം ഒളിവിൽക്കഴിഞ്ഞു. 1947 ആഗസ്റ്റ് 15ന്റെ സ്വാതന്ത്ര്യപ്പുലരി കാണാൻ ഈ സമരസഖാക്കൾക്ക് കഴിഞ്ഞില്ല. ഏതാനും ദിവസം കഴിഞ്ഞാണ് കോടതി ഇവർക്ക് ജാമ്യമനുവദിച്ചത്. ചെത്തുതൊഴിലാളി സമരത്തിലെ ധീരരക്തസാക്ഷികളുടെ സ്മരണകളിരമ്പുന്ന രക്തസാക്ഷി മണ്ഡപം ഇന്നും ചടയംമുറി സ്മാരകത്തിന്‍റെ മുൻവശത്ത് തലമുറകൾക്ക് ആവേശം പകർന്ന് നിലകൊള്ളുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.