തൃശൂർ: വൈസ് ചാൻസലർമാരെ മാറ്റി സംഘികളെ വെക്കാൻ വേണ്ടി അച്ചാരം വാങ്ങിയിരിക്കുകയാണ് ഗവർണറെന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. 'കേരളത്തിന്റെ ബദൽ വികസന മാതൃക: പ്രസക്തി, സവിശേഷത, തന്ത്രം' എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കേരളം നടന്നുനീങ്ങുന്ന നവ വൈജ്ഞാനിക സമൂഹത്തിലേക്കുള്ള കുതിപ്പിനെ തടയിടാൻ വേണ്ടിയാണ് ബി.ജെ.പി ഗവർണറെക്കൊണ്ട് ഓരോന്ന് ചെയ്യിപ്പിക്കുന്നത്.
കേരളത്തിന്റെ നേട്ടങ്ങൾ തകർക്കാൻ ഗവർണറും കൂട്ടരും ശ്രമിക്കുന്നു. വിദ്യാഭ്യാസത്തെ മതനിരപേക്ഷമാക്കി മാതൃക കാണിച്ച സംസ്ഥാനമാണ് നമ്മുടെത്. അത് തകർത്ത് സംഘ്പരിവാറിന്റെ കൈകളിലേക്ക് എത്തിക്കാനാണ് ഇപ്പോൾ ശ്രമം. കേരളത്തെ മാറ്റണമെങ്കിൽ കേരളത്തിലെ വിദ്യാഭ്യാസത്തെ മാറ്റണം എന്ന തിരിച്ചറിവ് അവർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി എന്നത് കേന്ദ്രസർക്കാർ രാഷ്ട്രീയ വിദ്വേഷത്താൽ ഉണ്ടാക്കിയതാണ്. ദേശീയ വരുമാനത്തിന്റെ മൂന്നു ശതമാനം മാത്രമേ കടമെടുക്കാൻ പാടുള്ളൂവെന്നും അത് മൂലധന വികസനത്തിനേ ചെലവിടാൻ പാടുള്ളൂവെന്നാണ് കേന്ദ്ര നിബന്ധന.
കിഫ്ബിക്ക് സ്വതന്ത്രമായി വായ്പ എടുക്കാൻ പാടില്ലെന്നും അത് സർക്കാർ വായ്പയായി കണക്കാക്കുമെന്നും അവർ പറയുന്നു. അതാണ് ഇപ്പോൾ സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. പ്രഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ്, എ.സി. മൊയ്തീൻ എം.എൽ.എ, രാജേന്ദ്ര ബാബു, മുരളി പെരുനെല്ലി എം.എൽ.എ, പി.ആർ. വർഗീസ്, ജോയ് ഇളമൺ, അഡ്വ. കെ.ബി. മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.