തൃശൂര്‍: ആത്മഹത്യ ചെയ്ത മകന്റെ മൂന്നു വയസ്സുള്ള കുട്ടിയെ ഒരുനോക്ക് കാണാനെത്തിയതായിരുന്നു മധ്യവയസ്കയായ മുത്തശ്ശി. എന്നാല്‍, കാണിക്കില്ലെന്ന വാശിയില്‍ കുഞ്ഞിനെ കൊണ്ടുവരാതെ മകന്റെ ഭാര്യവീട്ടുകാര്‍. ഏറെ പ്രതീക്ഷയോടെ പേരക്കുട്ടിക്കുള്ള കളിപ്പാട്ടങ്ങളുമായാണ് മുത്തശ്ശി എത്തിയത്. കുഞ്ഞിനെ കൊണ്ടുവന്നില്ലെന്ന് അറിഞ്ഞതോടെ കണ്ണീര് പൊഴിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു ഇവര്‍ക്ക്. വെള്ളിയാഴ്ച തൃശൂരില്‍ നടന്ന വനിത കമീഷന്റെ സിറ്റിങ്ങിലായിരുന്നു ഈ കണ്ണീർക്കാഴ്ച.
ഈ വര്‍ഷം മേയിലാണ് പുതുക്കാട് സ്വദേശിനിയായ ഇവരുടെ 30കാരനായ ഇളയ മകന് വിദേശത്തുവെച്ച് ദാമ്പത്യപ്രശ്നത്തെ തുടര്‍ന്ന് ജീവനൊടുക്കിയത്. പ്രേമവിവാഹമായിരുന്നു ഇവരുടേത്. എന്നാല്‍, യുവാവ് വിദേശത്ത് പോയതിന് പിന്നാലെ ദമ്പതിമാര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തു. ഈ വിവരമൊന്നും മകന് അമ്മയെ അറിയിച്ചിരുന്നില്ല. ഒടുവില്‍ വിദേശത്തെ താമസസ്ഥലത്ത് തൂങ്ങിമരിക്കുകയായിരുന്നു.
മരണത്തിനു പിന്നാലെ പരാതിയുമായി ഭാര്യവീട്ടുകാര്‍ വനിത കമീഷനെ സമീപിച്ചു. മകളുടെ പേരിലുള്ള മുപ്പതോളം പവന് സ്വര്‍ണം ഭര്‍തൃവീട്ടുകാര്‍ കൈക്കലാക്കിയെന്നായിരുന്നു പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പ്രധാന ആരോപണം. പെണ്മക്കള് ഇല്ലാത്തതിനാല്‍ സ്വന്തം മകളെപോലെയാണ് മരുമകളെ കരുതിയിരുന്നതെന്നും മകന്റെ വിയോഗവേളയില്‍ ഒപ്പം നില്‍ക്കുമെന്ന് കരുതിയിരുന്ന അവള് തനിക്കെതിരെ തിരിഞ്ഞത് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്നും മധ്യവയസ്ക പറഞ്ഞു.
ആദ്യതവണ സിറ്റിങ്ങിന് എത്തിയപ്പോഴും പേരക്കുട്ടിയെ കാണാന്‍ ഇവരെ മരുമകള്‍ അനുവദിച്ചിരുന്നില്ല. ദൂരെനിന്നുപോലും കാണാതിരിക്കാന്‍ രണ്ടാമത്തെ സിറ്റിങ്ങില്‍ കുഞ്ഞിനെ കൊണ്ടുവരുന്നത് ഒഴിവാക്കുകയും ചെയ്തു. പേരക്കുട്ടിയെ വിട്ടുകിട്ടണമെന്നാണ് മുത്തശ്ശിയുടെ ആഗ്രഹം. അതിനുവേണ്ടി നിയമപരമായി മുന്നോട്ടുനീങ്ങാനാണ് ഇവരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.