തൃശൂർ: തെരഞ്ഞെടുപ്പ് തോൽവിയെച്ചൊല്ലിയുള്ള ജില്ലയിലെ കോൺഗ്രസിലെ പോര് അവസാനിക്കുന്നില്ല. ദയനീയ തോൽവിയുണ്ടായിട്ടും ന്യായീകരിച്ചുകൊണ്ടിരിക്കുന്ന ഡി.സി.സി നേതൃത്വത്തിനും നേതൃത്വം മാറണമെന്ന് മുറവിളി ഉയർത്തുന്ന ഗ്രൂപ് നേതാക്കൾക്കുമെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി സെക്രട്ടറി സി.എസ്. ശ്രീനിവാസും രംഗത്തെത്തി.
പണത്തിന് മുകളിൽ പരുന്തും പറക്കില്ലെന്ന് വിചാരിക്കുന്ന ഗ്രൂപ് നേതാക്കൾക്ക് നല്ല നമസ്കാരം നേർന്ന് പരിഹസിച്ച കുറിപ്പിൽ ജില്ലയിലെ രാഷ്ട്രീയ സാഹചര്യവും തെരഞ്ഞെടുപ്പിനെ നേരിട്ടതും 1957ലെ തെരഞ്ഞെടുപ്പ് തോൽവിയുടെ ചരിത്രം കൂടി കൂട്ടിയിണക്കിയാണ് ശ്രീനിവാസൻ സമൂഹ മാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. 1957ൽ ജില്ലയിൽ 11 മണ്ഡലങ്ങളായിരുന്നു ഉണ്ടായിരുന്നത്. അതിൽ അന്നത്തെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയിക്കാനായത് രണ്ട് മണ്ഡലങ്ങളിൽ മാത്രമാണ്. നാട്ടികയിലും ഒല്ലൂരിലും. അന്നത്തെ ദ്വയാംഗ മണ്ഡലങ്ങളായിരുന്ന ചാലക്കുടിയിലും വടക്കാഞ്ചേരിയിലും ദയനീയമായി തോറ്റു. ചാലക്കുടിയിൽ പനമ്പിള്ളി ഗോവിന്ദ മേനോൻ ആയിരുന്നു പരാജയപ്പെട്ടത്.
ലീഡർ കെ. കരുണാകരൻ തൃശൂരിൽ കേരളത്തിെൻറ ആദ്യത്തെ ആരോഗ്യമന്ത്രിയായിരുന്ന ഡോ. എ.ആർ. മേനോനോടായിരുന്നു പരാജയപ്പെട്ടത്. തനിക്കെതിരെ മത്സരിച്ചാൽ െകട്ടിവെച്ച കാശ് പോലും കിട്ടില്ലെന്നും അങ്ങനെ ലഭിച്ചാൽ താൻ തോറ്റതായി കണക്കാക്കുമെന്നും വെല്ലുവിളിച്ചതായിരുന്നു ഡോ. എ.ആർ. മേനോൻ മത്സര രംഗത്ത് വന്നത്. വെല്ലുവിളി ഏറ്റെടുത്തായിരുന്നു കരുണാകരെൻറ മത്സരം. കരുണാകരൻ തോറ്റു. 1957 മുതൽ തോറ്റും ജയിച്ചും വന്നിരുന്ന തൃശൂർ ജില്ല 2016 മുതൽ രാഷ്ട്രീയമായി ഏറെ പിന്നിലാണ്. പാർലമെൻറ് തെരഞ്ഞെടുപ്പിൽ ജയിച്ചത് രാഷ്ട്രീയ ശക്തി കൊണ്ടല്ല, സാമുദായിക ധ്രുവീകരണവും ശബരിമല വിഷയവും തന്നെയായിരുന്നു. ഇത്തവണ മത്സരം തുടങ്ങുമ്പോൾ തന്നെ ഒമ്പത് നിയോജക മണ്ഡലങ്ങളിലെ സ്ഥിതി അപകടകരമായിരുന്നു.
ഈ യാഥാർഥ്യം മറച്ചുവെച്ചിട്ട് കാര്യമില്ലെന്ന് ശ്രീനിവാസൻ കുറിപ്പിൽ പറയുന്നു. നേതൃത്വം മാറിയിട്ട് കാര്യമില്ല. എെൻറ നേതാവ് യുദ്ധത്തിൽ എന്നോടൊപ്പം മരിക്കാൻ തയാറാണെന്ന തോന്നൽ പ്രവർത്തകർക്ക് ഉണ്ടായാൽ മതി. യുദ്ധം ജയിച്ചാൽ വഴിയിൽ നിന്നവനെ സേനാനായകനും ഉപസേനാനായകന്മാരും ആക്കാതിരുന്നാൽ മതിയെന്ന് വിവിധ ഭാരവാഹി നിയമനങ്ങളെ പരോക്ഷമായി സൂചിപ്പിച്ച് ശ്രീനിവാസൻ വിമർശിക്കുന്നു.
ശ്രീനിവാസെൻറ കുറിപ്പ് പങ്കുവെച്ച് സമൂഹ മാധ്യമത്തിൽ ചർച്ചയും നടക്കുന്നുണ്ട്. നാടും ജനങ്ങളുമായി ഒരു ബന്ധമില്ലാത്തവരാണ് പാർട്ടിയെ നയിക്കുന്നതെന്നും തെരഞ്ഞെടുപ്പ് രംഗത്തെന്നും മുൻ ജനറൽ സെക്രട്ടറിയായ രമേശ് മേനോൻ വിമർശിക്കുന്നു. ജില്ലയിൽ ഗ്രൂപ്പുകളെല്ലാം ഓരോ പാർട്ടികളായാണ് പ്രവർത്തിക്കുന്നതെന്നും സ്ഥാനാർഥി നിർണയം പോലും ഗ്രൂപ് നേതാക്കൾ വീതിച്ചെടുത്തതാണ് ദയനീയ തോൽവിക്ക് കാരണമെന്നും വിമർശിക്കുന്നു. ഇത്തവണ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ സ്ഥാനാർഥി നിർണയത്തിെൻറ അവസാനഘട്ടം വരെ ചർച്ചയിലുണ്ടായിരുന്നതായിരുന്നു ശ്രീനിവാസൻ. കോർപറേഷൻ മുൻ കൗൺസിലറുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.