സമ്പൂർണ പശ്ചാത്തല സൗകര്യങ്ങളാൽ സമ്പന്നമായ നഗര - ഗ്രാമങ്ങൾ ഒരുക്കാനാവണം. വിനോദ സഞ്ചാരത്തിന് അടക്കം പ്രാമുഖ്യം നൽകി പഞ്ചായത്തുകൾ ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടുവരുന്നുണ്ട്. അതേസമയം കംഫർട്ട് സ്റ്റേഷനുകൾ വരെ ഉൾപ്പെടുത്തി എല്ലാ ആവശ്യങ്ങളും നിർവഹിക്കാവുന്ന രീതിയിൽ മാസ്റ്റർപ്ലാൻ സമ്പൂർണമല്ല. അതിന് വിദഗ്ധരുമായി ചർച്ചയും ശാസ്ത്രീയ ആസൂത്രണവും അനിവാര്യമാണ്. കംഫർട്ട് സ്റ്റേഷനുകളിൽ ഇ-ടോയ്ലറ്റ് അടക്കം ആധുനിക സംവിധാനങ്ങൾ ഒരുക്കണം. അങ്ങനെ വരുമ്പോൾ അവയുടെ പരിപാലനവും നടത്തിപ്പും കുറ്റമറ്റ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനാവും. അതിന് അനുസരിച്ചുള്ള മുന്നൊരുക്കങ്ങൾക്കാവണം അടുത്ത ബജറ്റുകളിലെ ഫണ്ട് വകയിരുത്തലുകൾ.
ഗുരുവായൂര്‍: ദേശീയ പ്രാധാന്യമുള്ള തീർഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നിടം എന്നതിനാൽ തന്നെ ഗുരുവായൂർ നഗരസഭയിൽ പൊതുശൗചാലയങ്ങൾ ഏറെയാണ്. സംസ്ഥാനത്ത് ഏറ്റവുമധികം ശൗചാലയങ്ങളുള്ള നഗരസഭയാകും ഗുരുവായൂർ. 12 വർഷം മുമ്പ് വരെ ശബരിമല സീസണിൽ ‘കുഴി കക്കൂസുകൾ’ എന്ന പ്രാകൃത സംവിധാനം വരെ ഇവിടെ നിലനിന്നിരുന്നു. എന്നാൽ ഇപ്പോൾ ഈ മേഖലയിൽ വലിയ മാറ്റമുണ്ടായി. ആധുനിക രീതിയിലുള്ള ശൗചാലയങ്ങൾ വന്നു.
നഗരസഭക്ക് പുറമെ ദേവസ്വത്തിന്റെയും പൊതുശൗചാലയങ്ങൾ നഗരത്തിലുണ്ട്. സൗജന്യമായി ഉപയോഗിക്കാവുന്ന മൂത്രപ്പുര സൗകര്യങ്ങളുമുണ്ട്. പടിഞ്ഞാറെനടയിൽ സാധാരണ നിരക്കിൽ ഉപയോഗിക്കാവുന്ന മൂത്രപ്പുരയുടെ കുറവ് ഒരു ന്യൂനതയാണ്. സാംസ്കാരിക പരിപാടികൾ സ്ഥിരമായി നടക്കുന്ന ഇ.എം.എസ് സ്ക്വയറിൽ ശൗചാലയം പണി തീർത്ത് തുറന്ന് കൊടുക്കാത്തതും ഇവിടെയെത്തുന്നവരെ വലക്കുന്നുണ്ട്. ലൈബ്രറി, വായനശാല തുടങ്ങിയവയെല്ലാം പ്രവർത്തിക്കുന്ന ഇവിടെയെത്തുന്നവർ ശൗചാലയത്തിനായി തൊട്ടടുത്ത നഗരസഭ ഓഫിസിൽ പോകേണ്ട അവസ്ഥയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.