തളിക്കുളം: അർബുദബാധിതരായി വാടക വീട്ടിൽ കഴിയുന്ന ഉമ്മയും മകനും ഉൾപ്പെട്ട കുടുംബത്തിന് ടി.എൻ. പ്രതാപൻ എം.പിയുടെയും ജീവകാരുണ്യ പ്രവർത്തകൻ അബ്ദുൽ അസീസ് തളിക്കുളത്തിന്റെയും ഇടപെടലിൽ സ്നേഹവീടൊരുങ്ങുന്നു.
പ്രവാസി വ്യവസായി കെ.സി. എബ്രഹാമാണ് തളിക്കുളം സ്വദേശി അമ്പലത്ത് വീട്ടിൽ ബഷീറിന്റെ കുടുംബത്തിന് ഓണസമ്മാനമായി സൗജന്യമായി വീട് നിർമിച്ചുനൽകുന്നത്. തളിക്കുളം ഹാഷ്മി നഗറിന് സമീപം അമ്പലത്ത് വീട്ടിൽ ബഷീർ, ഉമ്മ നബീസ, ഭാര്യ സൽബു, മക്കളായ അജ്മൽ, മിഥിലാജ് എന്നിവർ ഉൾപ്പെട്ടതാണ് കുടുംബം. സൗദിയിൽ ടൈൽസ് പണിക്കാരനായിരിക്കുമ്പോഴാണ് ബഷീർ രോഗബാധിതനായത്.
ഇതിനിടെ ഉമ്മയും അർബുദബാധിതയായി. നാട്ടിലെത്തി അഞ്ചര സെന്റ് സ്ഥലം സ്വന്തമാക്കി മടങ്ങിയതിന് പിന്നാലെയാണ് രോഗം ഗുരുതരമായതായി തിരിച്ചറിയുന്നത്. ചികിത്സക്കായി ഉണ്ടായിരുന്ന വീടും വിറ്റു. ഇതോടെ താമസം വാടക വീട്ടിലായി.
കുടുംബത്തിന്റെ ദുരിതജീവിതം ടി.എൻ. പ്രതാപൻ എം.പിയും അബ്ദുൽ അസീസും പ്രവാസി വ്യവസായി കെ.സി. എബ്രഹാമിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇതോടെ എബ്രഹാം വീട് നിർമിച്ചുനൽകാൻ തീരുമാനിച്ചു. എബ്രഹാം 24 കുടുംബങ്ങൾക്ക് ഇതിനകം വീട് നിർമിച്ചുനൽകിയിരുന്നു.
തിരുവോണ ദിവസം മുഖ്യരക്ഷാധികാരിയായ ടി.എൻ. പ്രതാപൻ എം.പി സ്നേഹവീടിന്റെ തറക്കല്ലിടൽ നിർവഹിച്ചു. അബ്ദുൽ അസീസ്, കെ.എ. ഹാറൂൺ റഷീദ്, പി.ഐ. ഷൗക്കത്തലി, സി.എം. നൗഷാദ്, വാർഡ് അംഗം ഷൈജ കിഷോർ, പി.കെ. ഹൈദരലി തുടങ്ങിയവർ സംസാരിച്ചു. 650 ചതുരശ്രയടി വിസ്തൃതിയിലാണ് നിർമിക്കുക. ആറുമാസത്തിനകം പൂർത്തിയാക്കി വീട് സമർപ്പിക്കുമെന്ന് എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.