തൃശൂർ: ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ സുനാമി കോളനിയില്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ അര്‍ഹതയുള്ളവരെ കണ്ടെത്തി നല്കാന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എ.ഡി.എം ടി. മുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗത്തില്‍ നിര്‍ദേശം നല്കി.
എത്രയും പെട്ടെന്ന് അര്‍ഹതപ്പെട്ടവര്‍ക്ക് വീട് നല്‍കണമെന്നും അനധികൃതമായി താമസിക്കുന്നവരെ ഒഴിവാക്കണമെന്നും എന്‍.കെ. അക്ബര്‍ എം.എല്‍.എയാണ് യോഗത്തില്‍ ആവശ്യപ്പെട്ടത്. ചാവക്കാട് താലൂക്കാശുപത്രിയില്‍ ഗൈനകോളജിസ്റ്റ് ഉള്‍പ്പെടെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തണമെന്നും പോസ്റ്റ്മോര്‍ട്ടം ആരംഭിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
ചാവക്കാട് മിനി സിവില്‍ സ്റ്റേഷനില്‍ ഒഴിഞ്ഞു കിടക്കുന്ന ഓഫിസ് മുറികള്‍ സ്വന്തം കെട്ടിടമില്ലാതെ പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍ക്ക് നല്‍കണമെന്നും അഴീക്കോട് ഫിഷറീസ് വകുപ്പിലെ ബന്ധപ്പെട്ട ജീവനക്കാര്‍ ആഴ്ചയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെത്തണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
വടക്കാഞ്ചേരി മണ്ഡലത്തിലെ അംബേദ്കര്‍ കോളനി ദത്തെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ ആവശ്യപ്പെട്ടു. പ്രശ്നപരിഹാരം വേഗത്തിലാക്കാന്‍ എല്‍.ആര് ഡെപ്യൂട്ടി കലക്ടറെ യോഗത്തില്‍ ചുമതലപ്പെടുത്തി. അവണൂര്‍ ഗ്രാമപഞ്ചായത്തിലെ അംബേദ്കര്‍ കോളനി നിവാസികള്‍ക്ക് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് ജനുവരി എട്ട്, ഒമ്പത് തീയതികളില്‍ അദാലത്ത് നടത്തും.
പുതുക്കാട് നിയോജക മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന കോടാലി-വെള്ളിക്കുളങ്ങര റോഡുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ വേഗത്തിലാക്കണമെന്ന് കെ.കെ. രാമചന്ദ്രന് എം.എല്‍.എ ആവശ്യപ്പെട്ടു. സര്‍വേ നടപടികള്‍ അടുത്ത മാസങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുഞ്ഞാലിപ്പാറ ടൂറിസം പദ്ധതി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേരും.
വികസന സമിതി യോഗത്തില്‍ വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതി, എം.എല്‍.എമാരുടെ പ്രത്യേക വികസന ഫണ്ട്, ആസ്തിവികസന ഫണ്ട്, എം.പി എല്‍.എ.ഡി.എസ് ഫണ്ട് തുടങ്ങിയവ ചര്‍ച്ച ചെയ്തു. എം.എല്‍.എമാരായ എന്‍.കെ. അക്ബര്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, കെ.കെ. രാമചന്ദ്രന്, മന്ത്രി കെ. രാജന്റെ പ്രതിനിധി പ്രസാദ്, രമ്യ ഹരിദാസ് എം.പിയുടെ പ്രതിനിധി കെ. അജിത്ത് കുമാര്‍, സബ് കലക്ടര്‍ മുഹമ്മദ് ഷെഫീഖ്, പ്ലാനിങ് ഓഫിസര്‍ മായ, ഡെപ്യൂട്ടി കലക്ടര്‍മാര്‍, വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.