ആമ്പല്ലൂർ: തോട്ടം, വനം മേഖലയായ പാലപ്പിള്ളിയിൽ പുലിപ്പേടി ഒഴിയുന്നില്ല. തുടർച്ചയായി മൂന്നാം ദിവസവും പാലപ്പിള്ളി തോട്ടത്തിൽ പുലിയിറങ്ങി. മാനും പശുക്കുട്ടിയും പുലിയുടെ ആക്രമത്തിൽ കൊല്ലപ്പെട്ടു. കാരികുളത്ത് ഹാരിസൺ മലയാളം കമ്പനിയുടെ ഓഫിസിന് സമീപത്തെ റബർ തോട്ടത്തിലാണ് മാനിനെ ചത്തനിലയിൽ കണ്ടത്.
വെള്ളിയാഴ്ച രാവിലെ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് വനംവകുപ്പ് അധികൃതരെ അറിയിച്ചത്. രണ്ട് ദിവസത്തിലേറെ പഴക്കമുള്ള ജഡം അഴുകിയ നിലയിലായിരുന്നു. ജഡം തോട്ടത്തിൽ കുഴിച്ചിട്ടു. പുലിയുടെ ആക്രമണത്തിലാകാം മാൻ ചത്തതെന്ന നിഗമനത്തിലാണ് അധികൃതർ.
കുണ്ടായി തോട്ടത്തിലെ പാൽ സംഭരണകേന്ദ്രത്തിന് സമീപത്താണ് പശുക്കുട്ടിയെ ചത്ത നിലയിൽ കണ്ടത്. ദിവസങ്ങൾ മാത്രം പ്രായമായ പശുക്കുട്ടിയുടെ ഉടമയാരാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് പശുക്കുട്ടിയെ ചത്ത നിലയിൽ കണ്ടത്. മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു.
തുടർച്ചയായി പുലിയിറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. ടാപ്പിങ് തൊഴിലാളികളാണ് ഏറെയും ദുരിതമനുഭവിക്കുന്നത്. ഭയന്നാണ് തൊഴിലാളികൾ ടാപ്പിങ്ങിനിറങ്ങുന്നത്. പ്രദേശത്ത് പുലി ശല്യം രൂക്ഷമായിട്ടും വനംവകുപ്പ് അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. തോട്ടങ്ങളിലും വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലും ചെന്നായ്ക്കൾ ഇറങ്ങിയതായും നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.