തൃശൂർ: സർക്കാർ ഓണക്കിറ്റിൽ തൃശൂർ ജില്ലയിൽ വിതരണം ചെയ്യുന്ന ഏലക്ക ഗുണമേന്മ ഇല്ലാത്തതാണെന്ന് പരിശോധന റിപ്പോർട്ട്. സിവിൽ സപ്ലൈസ് കോർപറേഷെൻറ കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെൻറിൽ (സി.എഫ്.ആർ.ഡി) നടത്തിയ പരിശോധനയിലാണ് വിതരണക്കാരൻ നൽകിയത് ഗുണമേന്മ ഇല്ലാത്ത ഏലക്ക ആണെന്ന് കണ്ടെത്തിയത്.
സി.എഫ്.ആർ.ഡി-എച്ച്-21-ആർ. 0036 നമ്പർ റിപ്പോർട്ട് പ്രകാരം ജില്ലയിൽനിന്ന് എടുത്ത സാമ്പിൾ പരിശോധനയിലാണ് ഗുണനിലവാരം ഇല്ലാത്തതെന്ന് കണ്ടത്തിയത്. ഇതിെൻറ അടിസ്ഥാനത്തിൽ ഡിപ്പോകളിലും പാക്കിങ് കേന്ദ്രങ്ങളിലും ഈ സ്റ്റോക്ക് ഉണ്ടെങ്കിൽ വിതരണക്കാരനെ അറിയിച്ച് തിരിച്ചെടുക്കാനും ഗുണനിലവാര പരിശോധകൻ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ഒമ്പതിനാണ് പരിശോധന റിപ്പോർട്ട് പുറത്തുവന്നത്. പത്തിനാണ് ഇത് സംബന്ധിച്ച് ഗുണനിലവാര പരിശോധകൻ ഡിപ്പോകളിലെ നോൺ മാവേലി സ്റ്റോക്ക് കസ്റ്റോഡിയൻമാർക്ക് കത്ത് നൽകിയത്. എന്നാൽ ഇത് സംബന്ധിച്ച് തുടർ നടപടികൾ ഉണ്ടായില്ല.
ഗുണനിലവാരം ഇല്ലെന്ന് റിപ്പോർട്ട് ചെയ്ത് ഏലക്ക തന്നെയാണ് ജില്ലയിലെ കിറ്റുകളിൽ നൽകിയത്. ഉദ്യോഗസ്ഥ-വിതരണ മാഫിയ സംഘമാണ് ഇതിന് പിന്നിൽ. ഏലക്ക കിട്ടാത്ത സാഹചര്യം ഉണ്ടാവുമെന്ന വാദം നിരത്തിയാണ് തിരിച്ചുകൊടുക്കാതിരുന്നത്. ഒന്നാം തരത്തിന് പകരം മൂന്നാം തരമാണ് വിതരണം ചെയ്തതെന്നാണ് അറിയുന്നത്.
ജില്ലയിലെ ചാലക്കുടി, ചാവക്കാട്, തൃശൂർ, തലപ്പിള്ളി താലൂക്ക് ഡിപ്പോകളിൽ സ്റ്റോക്ക് കസ്റ്റോഡിയൻമാർക്ക് നൽകിയ കത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ല. മാത്രമല്ല ഏലക്ക ഗുണമേന്മ ഇല്ലാത്ത കാര്യം ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കാനും വിമുഖത കാണിച്ചു. ജില്ല സപ്ലൈ ഓഫിസർക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയതുമില്ല. ഇതുവെര പരാതി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം 'മാധ്യമ'ത്തോട് വ്യക്തമാക്കി.
തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളുടെ ചുമതലയുള്ള സപ്ലൈകോ മേഖല മാനേജർക്കും ഇതുസംബന്ധിച്ച് വിവരങ്ങൾ അറിയില്ല. ഈ നാല് ഡിപ്പോകളിലൂടെയാണ് ജില്ലയിലെ തലപ്പിള്ളി, കൊടുങ്ങല്ലൂർ, മുകുന്ദപുരം, ചാവക്കാട്, ചാലക്കുടി, തൃശൂർ എന്നീ താലൂക്കുകളിലേക്ക് കിറ്റുകൾ വിതരണം ചെയ്യുന്നത്.
20 ഗ്രാം ഏലക്കയാണ് ഒരുകിറ്റിൽ പായസത്തിനായി ചേർത്തിരിക്കുന്നത്. കിറ്റിൽ ഉൾപ്പെടുത്തിയതോടെ സാധനത്തിന് വൻ വിലക്കയറ്റവും കിട്ടാനില്ലാത്ത സാഹചര്യവും ഉണ്ടായി. ഇതോടെയാണ് ഗുണമേന്മ ഇല്ലാത്ത സാധനങ്ങൾ വാങ്ങുന്ന സാഹചര്യം ഉണ്ടായത്. എങ്ങുമെത്താത്ത സാഹചര്യത്തിലാണ് വിവാദം പുകയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.