ഇരിങ്ങാലക്കുട: ‘അമൃത് 2.0’ പദ്ധതി പ്രകാരം ഇരിങ്ങാലക്കുട നഗരസഭ സമർപ്പിച്ച നാല് നിർദേശങ്ങളിൽ ഒന്ന്, രണ്ട് വാർഡുകളിലെ ശുദ്ധജല വിതരണത്തിനായുള്ള 84 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി. മൂർക്കനാട്, ബംഗ്ലാവ് പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കാൻ ഫണ്ട് വിനിയോഗിക്കും.
പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ എക്സിക്യൂട്ടീവ് എൻജിനീയറുടെയും ബന്ധപ്പെട്ട കൗൺസിലർമാരുടെയും യോഗം വിളിക്കുമെന്ന് ഇതുസംബന്ധിച്ച് നടന്ന ചർച്ചയിൽ കൗൺസിലർ നസീമ കുഞ്ഞുമോന്റെ ചോദ്യത്തിന് മറുപടിയായി ചെയർമാൻ ടി.വി. ചാർലി നഗരസഭ യോഗത്തിൽ അറിയിച്ചു.
ഹരിതസഭ, ഞാറ്റുവേല സംഘാടക സമിതി എന്നിവയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ടൗൺ ഹാളിൽ വിളിച്ചുചേർത്ത യോഗങ്ങളുടെ സംഘാടനത്തെക്കുറിച്ചുള്ള പ്രതിപക്ഷ വിമർശനങ്ങളോടെയാണ് നഗരസഭ യോഗം ആരംഭിച്ചത്. മാലിന്യമുക്ത കേരളം എന്ന ആശയം മുൻനിർത്തി സംസ്ഥാനതലത്തിലുള്ള പ്രചാരണ പരിപാടിയായ ഹരിത സഭയുടെ യോഗത്തിന് വ്യക്തമായ കാര്യപരിപാടി പോലും ഉണ്ടായില്ലെന്നും രണ്ട് യോഗങ്ങളും ഒരേസമയം വിളിച്ചുചേർത്തത് ശരിയായില്ലെന്നും പ്രതിപക്ഷ അംഗങ്ങളായ അഡ്വ. കെ.ആർ. വിജയ, സി.സി. ഷിബിൻ എന്നിവർ വിമർശിച്ചു.
ആക്ടിങ് ചെയർമാന്റെ മേധാവിത്വമാണ് പരിപാടികളിൽ പ്രകടമായതെന്നും പുതിയ കൗൺസിലർമാർക്ക് അവസരം നൽകണമെന്നും ബി.ജെ.പി കൗൺസിലർ സന്തോഷ് ബോബൻ ആവശ്യപ്പെട്ടു. രണ്ട് പരിപാടികളിലും പങ്കെടുക്കുന്നത് ഒരേ വ്യക്തികൾ ആയതിനാലാണ് യോഗങ്ങൾ ഒരേസമയം വിളിച്ചതെന്നും ചില സാങ്കേതിക വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും അവ പരിശോധിക്കുമെന്നും ചെയർമാൻ അറിയിച്ചു.
ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട പരിപാടികൾ ചടങ്ങ് മാത്രമായി നടത്തി അവസാനിപ്പിക്കുകയാണെന്ന് ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ അംബിക പള്ളിപ്പുറത്ത് കുറ്റപ്പെടുത്തി. സ്ഥിരംസമിതി ചെയർമാൻമാർക്ക് കൃത്യമായ സ്ഥാനം നൽകാൻ തയാറാകണമെന്ന് എൽ.ഡി.എഫ് അംഗം ടി.കെ. ജയാനന്ദനും ആവശ്യപ്പെട്ടു. 100 ശതമാനം യൂസർ ഫീ പിരിച്ചെടുത്ത വാർഡ് 40ലെ ഹരിത കർമ സേനാംഗങ്ങളെ ആദരിക്കുന്നതിൽ വീഴ്ചപറ്റിയെന്ന് ബി.ജെ.പി അംഗം വിജയകുമാരി അനിലനും വിമർശിച്ചു.
മാടായിക്കോണം ചാത്തൻ മാസ്റ്റർ മെമോറിയൽ സ്കൂളിൽ കഴിഞ്ഞ വർഷം ഡിസംബർ 26ന് നടന്ന എൻ.എസ്എ.സ് ക്യാമ്പുമായി ബന്ധപ്പെട്ട് കൗൺസിലിന്റെ നിർദേശപ്രകാരം സ്കൂൾ പ്രധാനാധ്യാപിക നൽകിയ റിപ്പോർട്ടിനെ ചൊല്ലിയുള്ള ചർച്ച വാക്ക് തർക്കത്തിൽ കലാശിച്ചു.
ക്യാമ്പുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിൽ സ്കൂളിനെ പറ്റി തെറ്റായ വിവരങ്ങൾ സൂചിപ്പിച്ചിരുന്നെന്നും ഒരു പാർട്ടിയുടെ പ്രാദേശിക നേതാവ് സ്കൂളിൽ വന്ന് പി.ടി.എ പ്രസിഡന്റിന് നേരെ കൈയേറ്റ ശ്രമം നടത്തിയെന്നും കാണിച്ച് ബി.ജെ.പി കൗൺസിലർ ടി.കെ. ഷാജുട്ടൻ നൽകിയ പരാതിയെ തുടർന്നാണ് കൗൺസിൽ അധ്യാപികയിൽനിന്ന് വിശദീകരണം തേടിയത്. റിപ്പോർട്ടിന്റെ പകർപ്പ് വേണമെന്നും അടുത്ത യോഗത്തിൽ ചർച്ച ചെയ്യണമെന്നും പരാതിക്കാരന് പോലും പകർപ്പ് നൽകിയിട്ടില്ലെന്നും ബി.ജെ.പി അംഗം സന്തോഷ് ബോബൻ പറഞ്ഞു.
എല്ലാ റിപ്പോർട്ടുകളും എല്ലാ കൗൺസിലർമാർക്കും നൽകാൻ പറ്റില്ലെന്ന ചെയർമാന്റെ വിശദീകരണത്തെ ബി.ജെ.പി അംഗങ്ങൾ എതിർത്തു. ബഹളത്തിനിടയിൽ റിപ്പോർട്ട് യോഗത്തിൽ വായിച്ചു. റിപ്പോർട്ട് പ്രഹസനമാണെന്നും സ്കൂളിലേക്ക് അതിക്രമിച്ച് കയറിയ നേതാവിനെക്കുറിച്ചും പി.ടി.എ പ്രസിഡന്റിനെ മർദിച്ചതിനെക്കുറിച്ചും റിപ്പോർട്ട് മൗനം പാലിക്കുകയാണെന്നും ടി.കെ. ഷാജു പറഞ്ഞു.
പി.ടി.എ പ്രസിഡന്റിന് മർദനമേറ്റു എന്ന് പറയുന്നത് ആരോപണം മാത്രമാണെന്നും അദ്ദേഹം എവിടെയും പരാതി നൽകിയിട്ടില്ലെന്നും ടോയ് ലെറ്റുകൾ കൃത്യമായി തുറന്ന് കൊടുത്തില്ലെന്നതായിരുന്നു വിഷയമെന്നും സി.സി. ഷിബിൻ പറഞ്ഞു. യോഗത്തിൽ ചെയർമാൻ ടി.വി. ചാർലി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.