ഇരിങ്ങാലക്കുട: ഷൊർണൂർ-കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ കെ.എസ്.ടി.പി കോൺക്രീറ്റ് റോഡ് നിർമാണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ നിർമാണ പ്രവൃത്തികൾ വെള്ളിയാഴ്ച തുടങ്ങുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. ക്രൈസ്റ്റ് കോളജ് ജങ്ഷൻ മുതൽ പൂതംകുളം വരെയാണ് ആദ്യഘട്ട നിർമാണം. ഇതിന്റെ ഭാഗമായ ഗതാഗത നിയന്ത്രണവും വെള്ളിയാഴ്ച തുടങ്ങും.
തൃശൂർ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ വാഹനങ്ങൾ ഠാണാവിൽ നിന്നും മെയിൻ റോഡ് വഴി മാസ് തിയറ്റർ റോഡ്, ക്രൈസ്റ്റ് കോളജ് റോഡ് വഴി ക്രൈസ്റ്റ് കോളജ് ജങ്ഷനിൽനിന്നും തൃശൂർ ഭാഗത്തേക്ക് പോകണം. തൃശൂർ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസുകൾ ബസ് സ്റ്റാൻഡിൽനിന്നും എ.കെ.പി ജങ്ഷൻ, ക്രൈസ്റ്റ് കോളജ് റോഡ് വഴി ക്രൈസ്റ്റ് കോളജ് ജങ്ഷനിൽനിന്നും തൃശൂർ ഭാഗത്തേക്ക് സർവിസ് നടത്തും. ചാലക്കുടി ഭാഗത്തുനിന്നും വരുന്ന സ്വകാര്യ ബസുകൾ ഠാണാവിൽനിന്നും മെയിൻ റോഡ് വഴി മാസ് തിയറ്റർ റോഡ്, ക്രൈസ്റ്റ് കോളജ് റോഡ്, എ.കെ.പി ജങ്ഷൻ വഴി ബസ് സ്റ്റാൻഡിൽ സർവിസ് അവസാനിപ്പിക്കും. റോഡിന്റെ പടിഞ്ഞാറ് വശത്തുമാത്രം നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കില്ല. പൊതുജനങ്ങളും യാത്രക്കാരും വ്യാപാരികളും നിർമാണത്തോട് സഹകരിക്കണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അഭ്യർഥിച്ചു. നിശ്ചയിച്ച സമയത്തിനുള്ളിൽ നിർമാണം പൂർത്തീകരിച്ച് അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.