ഇരിങ്ങാലക്കുട: വ്യാഴാഴ്ച രാത്രി ഇരിങ്ങാലക്കുട മെറീന ഹോസ്പിറ്റൽ ജങ്ഷനിൽ യുവാവിനെ റോഡിൽ ഓടിച്ചിട്ടു വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിലായി. ഇരിങ്ങാലക്കുട കനാൽ ബേസ് കേളനിയിൽ വടക്കുംതറ വീട്ടിൽ മിഥുനെയാണ് (34) ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവർ അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട ചുങ്കത്ത് വാടകക്ക് താമസിക്കുന്ന തെക്കേത്തല വീട്ടിൽ ജിനു ലാലിനാണ് വെട്ടേറ്റത്.
തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു ജിനു ലാൽ. പിണ്ടി പെരുന്നാളിനിടെ ജിനു ലാലും കൂട്ടരും മിഥുനുമായി അടിപിടി ഉണ്ടായതായി പറയുന്നുണ്ട്. ഇതിലുള്ള വൈരാഗ്യത്താൽ കുറച്ചു ദിവസമായി ഇവരെ ആക്രമിക്കാൻ പദ്ധതിയിട്ടു നടക്കുകയായിരുന്നു മിഥുൻ.
പല സ്ഥലത്തു വെച്ചു പിന്തുടർന്നെങ്കിലും വ്യാഴാഴ്ച രാത്രി തട്ടുകടക്കടുത്തുവെച്ച് കണ്ടയുടനെ ഓട്ടോയിലെത്തിയ പ്രതി വാളുമായി ഓടിയെത്തി കഴുത്തിന് പിന്നിൽ വെട്ടുകയായിരുന്നു. ജിനു പ്രാണരക്ഷാർഥം തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ഓടിക്കയറിയതിനാൽ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.
കഴുത്തിന് പിന്നിൽ ആഴത്തിലുള്ള മുറിവേറ്റ ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആക്രമണശേഷം ഓട്ടോയിൽ രക്ഷപ്പെട്ട പ്രതി മൂന്നുപീടികയിൽ എത്തി അവിടന്ന് പല ബൈക്കുകളിൽ കയറി കൊടുങ്ങല്ലൂർ പോയി അർധരാത്രിയോടെ ചാലക്കുടിയിലെത്തി മുറിയെടുത്ത് താമസിക്കുകയായിരുന്നു.
ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്.
രണ്ടുവർഷം മുമ്പ് വിവാഹ വീട്ടിലെ കത്തിക്കുത്ത് ഉൾപ്പെടെ ആറ് ക്രിമിനൽ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ മിഥുൻ. ഇരിങ്ങാലക്കുട എസ്.ഐ എം.എസ്. ഷാജൻ, എസ്. ശ്രീലാൽ, ക്ലീറ്റസ് എ.എസ്.ഐ കെ.എ. ജോയ് സീനിയർ സി.പി.ഒ എ.കെ. രാഹുൽ, സി.പി.ഒ അനീഷ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.