ഇരിങ്ങാലക്കുട: മാളയിൽ ദലിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ കാമുകൻ അറസ്റ്റിൽ. ചെങ്ങമനാട് അടുവാശ്ശേരി സ്വദേശി വെളിയത്ത് വീട്ടിൽ ഷിതിനെയാണ് (34) അറസ്റ്റ് ചെയ്തത്. റൂറൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രേയുടെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.കെ. ഷൈജുവാണ് എസ്.സി/എസ്.ടി നിയമവും ആത്മഹത്യപ്രേരണക്കുറ്റവും ചുമത്തി അറസ്റ്റ് ചെയ്തത്.
2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുമായി പത്തു വർഷത്തോളം പ്രണയത്തിലായിരുന്ന ഷിതിൻ വിവാഹവാഗ്ദാനം നൽകി പലവട്ടം ശാരീരിക പീഡനത്തിനും ഇരയാക്കിയിരുന്നു. പിന്നീട് പ്രണയബന്ധത്തിൽനിന്ന് ഒഴിവാകാൻ പെൺകുട്ടിയെ പ്രേരിപ്പിച്ച ഇയാൾ വേറെ വിവാഹം കഴിക്കാനും ശ്രമിച്ചു. പെൺകുട്ടി എതിർത്തതോടെ ശത്രുതയായി. പെൺകുട്ടി ദലിത് വിഭാഗക്കാരി ആയതും വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് വിവാഹത്തിൽനിന്ന് പിന്മാറാൻ കാരണമായി പറഞ്ഞിരുന്നത്.
പെൺകുട്ടി ഇയാളുടെ നിരന്തര ശാരീരിക-മാനസിക പീഡനം മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. ശാരീരികവും മാനസികവുമായി പ്രതിയിൽനിന്നുണ്ടായ പീഡനങ്ങളുടെ വ്യക്തമായ സൂചനകൾ ആത്മഹത്യക്കുറിപ്പിലുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ച നെടുമ്പാശ്ശേരിയിൽനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മാള ഇൻസ്പെക്ടർ സജിൻ ശശി, എസ്.ഐ നീൽ ഹെക്ടർ ഫെർണാണ്ടസ്, എ.എസ്.ഐ എം. സുമൽ, സീനിയർ സി.പി.ഒമാരായ ഇ.എസ്. ജീവൻ, ജിബിൻ ജോസഫ്, സി.പി.ഒ കെ.എസ്. ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.