ഇരിങ്ങാലക്കുട: ബൈക്കിലെത്തി മാല പൊട്ടിച്ച കേസിലെ ഒന്നാം പ്രതി പാലാ സ്വദേശി അഭിലാഷിനെ (52) ഇരിങ്ങാലക്കുട എസ്.ഐ. എം.അജാസുദ്ദീർ അറസ്റ്റു ചെയ്തു. രണ്ടാം പ്രതി അങ്കമാലി മറ്റൂർ സ്വദേശി വാഴേലിപറമ്പിൽ വീട്ടിൽ കിഷോർ (40) മുമ്പ് പിടിയിലായിരുന്നു.
ജനുവരി 20ന് കൂടൽമാണിക്യം ക്ഷേത്രത്തിന് തെക്ക് താമസിക്കുന്ന മാരാത്ത് കലവാണി വീട്ടിൽ ഗീതയുടെ (57) ആറ് പവന്റെ സ്വർണമാലയാണ് ബൈക്കിലെത്തിയ രണ്ടു പേർ പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞത്. അങ്കമാലിയിൽനിന്ന് മോഷ്ടിച്ച ബൈക്കിലാണ് ഇവർ മാല പൊട്ടിക്കാൻ ഇറങ്ങിയത്.
കിഷോർ പിടിയിലായതോടെ അഭിലാഷ് ഒളിവിൽ പോയിരുന്നു. മാല നഷ്ടപ്പെട്ട ഗീത പിന്നീട് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അഭിലാഷിനെ കഴിഞ്ഞയാഴ്ച തൃപ്പൂണിത്തുറയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെ ഇരിങ്ങാലക്കുടയിലെ മാല മോഷണക്കേസിലും കുറ്റസമ്മതം നടത്തുകയായിരുന്നു. മോഷണം പോയ സ്വർണം പൊലീസ് കണ്ടെടുത്തു.
ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി എം.സി. കുഞ്ഞിമോയിൻകുട്ടിയുടെ നേതൃത്വത്തിൽ എസ്.ഐ എം.അജാസുദ്ദീൻ, കെ.ആർ. സുധാകരൻ, സീനിയർ സി.പി.ഒ മാരായ ഇ.എസ്. ജീവൻ, എം.ആർ. രഞ്ജിത്ത്, രാഹുൽ അമ്പാടൻ, കെ.എസ്. ഉമേഷ്, എം.സി. ജിനേഷ്, ഷിജിൻ നാഥ്, ജിഷ ജോയി എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇരിങ്ങാലക്കുട മുൻ ഇൻസ്പെക്ടർ അനീഷ് കരീം, എസ്.ഐ എം.എസ്. ഷാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസിന്റെ ആദ്യ ഘട്ട അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.