ഇരിങ്ങാലക്കുട: ജാതികളെ നിലനിർത്തുകയും ഒരു വിഭാഗം മനുഷ്യരെ മൃഗതുല്യരായി കാണുകയും ബ്രാഹ്മണ്യത്തിന്റെ അധികാരങ്ങളെ ആഘോഷിക്കുകയും ചെയ്യുന്ന സനാതന വ്യവസ്ഥയെ ധർമവ്യവസ്ഥയായി അംഗീകരിക്കാൻ കഴിയില്ലെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റും കവിയുമായ കെ. സച്ചിദാനന്ദൻ. അസമത്വം സൃഷ്ടിക്കുന്ന സനാതന വ്യവസ്ഥയെ നൈതികമായി അംഗീകരിക്കാൻ സാധ്യമല്ലെന്നും തമിഴ്നാട്ടിൽനിന്നടക്കം വിമർശനങ്ങൾ ഉയരുന്നത് ഇതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും ക്രൈസ്റ്റ് കോളജ് ഭൗതിക ശാസ്ത്ര അധ്യാപകനുമായിരുന്ന ഇ.കെ. നാരായണന്റെ 21ാം ചരമവാർഷിക ദിനത്തിൽ ‘ഇന്ത്യ എന്ന സ്വപ്നം യോജിപ്പിന്റെ രാഷ്ട്രീയം’ വിഷയത്തിൽ സ്മാരക പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇ.കെ.എൻ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എൻ ക്ലബ് ഹാളിൽ നടന്ന യോഗത്തിൽ ഗവേഷണ കേന്ദ്രം പ്രസിഡന്റ് ഡോ. മാത്യു പോൾ ഊക്കൻ അധ്യക്ഷത വഹിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറി വി.ജി. ഗോപിനാഥൻ അനുസ്മരണ പ്രഭാഷണം നടത്തി. ഗവേഷണ കേന്ദ്രം സെക്രട്ടറി ഇ. വിജയകുമാർ സ്വാഗതവും ട്രഷറർ പി.എൻ. ലക്ഷ്മണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.