തൃശൂർ: വെസ്റ്റ് ബാങ്കിൽനിന്നുള്ള ഫലസ്തീനിയൻ ആക്ടിവിസ്റ്റ് ആണ് ഇസ്സ ആംറോ എന്ന 43കാരൻ. ഫലസ്തീൻ വിമോചനത്തിന് അക്രമരഹിതമായ മാർഗത്തിലൂടെ സമരങ്ങൾ നടത്തുക എന്നതാണ് ഇസ്സയുടെ നയം.‘യൂത്ത് എഗൈൻസ്റ്റ് ഒക്യുപേഷൻ’ എന്ന ഇസ്രായേൽ വിരുദ്ധ സംഘടനയുടെ സഹസ്ഥാപകൻ കൂടിയാണ് ഇസ്സ. ഇസ്സയെ തേടി ഇസ്രായേൽ തെൽ അവീവിലുള്ള നാടക പ്രവർത്തകയും ജൂതയുമായ എയ്നാത്ത് വെയ്സ്മാൻ നടത്തുന്ന യാത്രകളാണ് നാടകത്തിൽ.
ഇസ്രായേലിന്റെ മണ്ണിലും ഫലസ്തീന്റെ മണ്ണിലും ലണ്ടനിലും തീയറ്ററിലും ഒരു ഫലസ്തീൻ യുവാവിനെ ഒരു ഇസ്രായേൽ ജൂത യുവതി കണ്ടുമുട്ടുമ്പോഴുള്ള വ്യത്യസ്തതകൾ നാടകം തുറന്നിടുന്നു. ജൂത നിർമിത രാജ്യത്തിൽ ജനിച്ചുപോയെങ്കിലും താനെപ്പോഴും ഫലസ്തീനൊപ്പമാണെന്ന് നാടകത്തിന്റെ സംവിധായിക എയ്നാത്ത് വെയ്സ്മാൻ വേദിയിൽ പ്രഖ്യാപിച്ചു. ‘ഫ്രീ ഫലസ്തീൻ’ എന്ന മുദ്രാവാക്യം വേദി ഉച്ചത്തിൽ ഏറ്റുവിളിച്ചു.
സംവിധായകന്റെ സുഹൃത്തും സാമൂഹ്യ പ്രവർത്തകനുമായ ഇസ്സ ആംറോയുടെ യഥാർത്ഥ ജീവിതത്തിലെ സന്ദർഭങ്ങളെ ആസ്പദമാക്കിയാണ് നാടകം രചിച്ചത്. ഒരേസമയം മനുഷ്യാവകാശ സംരക്ഷകനായും തീവ്രവാദിയായും മുദ്രകുത്തപ്പെട്ട വ്യക്തിയാണ് ഇസ്സ ആംറോ. പൗരാവകാശങ്ങൾക്കായി പ്രവർത്തിച്ചതിന്റെ പേരിൽ അദ്ദേഹത്തെ നിരവധി തവണ ഇസ്രായേൽ സൈന്യം ഉപദ്രവിക്കുകയും ജയിലിൽ ഇടുകയും ചെയ്തു. ഹെബ്രോണിലെ കുടിയേറ്റക്കാർക്കും സൈനികർക്കും എതിരായുള്ള പ്രകടനങ്ങൾ, അറസ്റ്റിനെ പ്രതിരോധിച്ച് സൈനികനെ അപമാനിക്കൽ എന്ന് തുടങ്ങി 18 കുറ്റകൃത്യങ്ങളാണ് ഇസ്സക്കുമേൽ അധികാരികൾ ചാർത്തിയത്. അദ്ദേഹത്തിന് തന്റെ ഭാഗം വാദിക്കാനും പ്രതികരിക്കാനും അവസരം നൽകിയില്ല.
നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്ന ഓരോ വ്യക്തിയും നേരിടേണ്ടിവരുന്ന സമ്മർദ്ദങ്ങളെ കഥാസന്ദർഭങ്ങളിലൂടെ എയ്നാത് വരച്ചിടുന്നു.അതോടൊപ്പം സൈനിക കോടതിയുടെ അതിക്രമങ്ങളെയും നീതിയില്ലാത്ത വിചാരണാ രീതികളും നാടകത്തിൽ പ്രതിപാദിക്കുന്നുണ്ട്. പട്ടാള വിചാരണയെന്ന കാപട്യംനിറഞ്ഞ ഇടപാടിനെയും ചോദ്യംചെയ്യുന്നു. നിയമം പാലിക്കേണ്ട കോടതി മുറികൾ വർണവിവേചനത്തിന്റെ അടയാളമായി മാറുന്ന നേർകാഴ്ചയാണ് ‘ഹൗ ടു മേക് എ റെവലൂഷൻ. ഇസക്കൊപ്പം പ്രവർത്തിക്കാൻ തുടങ്ങിയതു മുതൽ നേരിടേണ്ടി വന്ന വെല്ലുവിളികളെയും നാടകകൃത്ത് കാണികളുമായി പങ്കുവെച്ചു. ഇസ്രായേലിനെ പിന്തുണക്കുന്ന വിധത്തിലുള്ള കേന്ദ്രസർക്കാർ നയത്തെയും നാടകം പരിഹസിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.