തൃശൂർ: സന്തോഷ് ട്രോഫിയിലെ കേരളത്തിന്‍റെ കലാശക്കളി കാണില്ലെന്ന തീരുമാനത്തിൽ തന്നെയായിരുന്നു ക്യാപ്റ്റൻ ജിജോ ജോസഫിന്‍റെ മാതാവ് മേരി. പക്ഷേ, ചാനലുകൾ ലൈവിനായി വന്നപ്പോഴാണ് ആകെ കുഴഞ്ഞത്. കേബിൾ ടി.വിയിലൂടെ സംപ്രേഷണം ഇല്ലാത്തതിനാൽ വീട്ടിലിരുന്നും കാണാനായില്ല.
കുറച്ചകലെ അരങ്ങഴിക്കുളത്ത് മൈതാനിയിലെ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചിരുന്നെങ്കിലും പോയില്ല. ചാനലുകൾക്ക് ദൃശ്യങ്ങൾ പകർത്താനായി ഒടുവിൽ അയൽവാസിയായ ബാബുവിന്‍റെ വീട്ടിൽ കളി കാണാൻ പോകാമെന്ന് മേരി തീരുമാനിച്ചു. ആദ്യത്തെ കുറച്ച് മിനിറ്റുകൾക്ക് ശേഷം മേരി വേഗം വീട്ടിലേക്കുതന്നെ മടങ്ങി വീട്ടുജോലിയിൽ മുഴുകി. പത്തുമണിയായപ്പോൾ ഇരിപ്പുറക്കുന്നില്ല. ചാനലുകൾ നോക്കി. എഴുതിക്കാണിക്കുന്നത് കണ്ടു.- 'മത്സരം സമനിലയിൽ. വിധി നിശ്ചയിക്കാൻ ഇനി പെനാൽറ്റി'...
ന്യൂസ് ചാനലിൽ ലൈവ് പെനാൽറ്റി തുടങ്ങി. അങ്ങനെ ഉദ്വോഗത്തിന്‍റെ മുൾമുനയിലിരുന്ന് ആദ്യമായി ആ മാതാവ് മകന്‍റെയടക്കം അഞ്ച് പെനാൽറ്റി കിക്കുകൾ കണ്ടു. ഒടുവിൽ സന്തോഷക്കണ്ണീർ... വിജയമുറച്ചതോടെ വേഗം പോയി ബൈബിൾ തുറന്നുവെച്ചു. അപ്പോഴേക്കും അടുത്ത വീട്ടിൽനിന്ന് മകൾ ജെയ്സി വിജയവാർത്ത പറയാൻ ഓടിയെത്തി. ''ഞാൻ അറിഞ്ഞടീ....'' സന്തോഷത്തോടെ മേരി പറഞ്ഞു. അപ്പോഴേക്ക് പുറത്ത് പടക്കം പൊട്ടിത്തുടങ്ങിയിരുന്നു. പിന്നീട് ലഡുവിന്‍റെ മധുരമെത്തി. പിതാവ് ജോസഫും കൂടി കളി കണ്ട് മടങ്ങി വീട്ടിലെത്തി മധുരം പങ്കിട്ടു. 'ടുട്ടു (ജിജോ ജോസഫ്) വിളിച്ചിരുന്നു. സന്തോഷമായി. ചൊവ്വാഴ്ച മലപ്പുറത്താണ്. പിന്നീട് എറണാകുളം. ബുധനാഴ്ചയോ വ്യാഴാഴ്ചയോ വീട്ടിൽ എത്തുമെന്നാണ് പറഞ്ഞത് -പിതാവ് ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.