കയ്പമംഗലം: എടത്തിരുത്തി-താന്ന്യം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കരുവന്നൂർ പുഴക്കും കനോലി കനാലിനും കുറുകെ നിർമിച്ച അഴിമാവ് കടവ് പാലം ഉദ്ഘാടനത്തിന് തയാറായി. ഒരേസമയം ഇരുപഞ്ചായത്തുകളെ മാത്രമല്ല, രണ്ട് വീതം നിയമസഭ-ലോക്സഭ മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്നതാണ് ഈ പാലം.
പുഴ കടക്കാൻ നിവൃത്തിയില്ലാത്തതിനാൽ തൊട്ടപ്പുറത്തെ പ്രദേശത്തെത്താൻ കിലോമീറ്ററുകളോളം സഞ്ചരിച്ചിരുന്ന നാട്ടുകാരുടെ ചിരകാല സ്വപ്നമാണ് യാഥാർഥ്യമാകുന്നത്. സ്ഥലമേറ്റെടുപ്പ് സംബന്ധിച്ചുണ്ടായ തടസ്സങ്ങളും കോടതി വ്യവഹാരങ്ങളും പരിഹരിച്ച് 2020 സെപ്റ്റംബർ ഒമ്പതിനാണ് പാലം നിർമാണമാരംഭിച്ചത്.
കോവിഡിനെത്തുടർന്ന് നിർമാണം അൽപം മന്ദഗതിയിലായി. നിലവിൽ പണിയെല്ലാം കഴിഞ്ഞിട്ടുണ്ട്. 17.28 കോടി രൂപ ചെലവിൽ ആർ.ബി.ഡി.സി.കെക്ക് വേണ്ടി കിറ്റ്കോയുടെ മേൽനോട്ടത്തിലായിരുന്നു നിർമാണം. ഇരുവശത്തും നടപ്പാതയുൾപ്പെടെ 361 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് നിർമിച്ചിരിക്കുന്നത്.
പാലത്തിന്റെ വടക്കുഭാഗം തൃശൂർ ലോക്സഭ മണ്ഡലം, നാട്ടിക നിയോജക മണ്ഡലം, താന്ന്യം പഞ്ചായത്ത് എന്നിവയുടെയും തെക്കുഭാഗം ചാലക്കുടി ലോക്സഭ മണ്ഡലം, കയ്പമംഗലം നിയമസഭ മണ്ഡലം, എടത്തിരുത്തി പഞ്ചായത്ത് എന്നിവയുടെയും ഭാഗമാണ്.
താന്ന്യം, അന്തിക്കാട്, ചാഴൂർ, പാറളം, ചേർപ്പ് പഞ്ചായത്തിലുള്ളവർക്ക് എറണാകുളത്തേക്ക് പാലം വഴി യാത്ര ചെയ്താൽ 10 കിലോമീറ്ററിലധികം ലാഭിക്കാം. താന്ന്യം പഞ്ചായത്തിന്റെ തെക്കൻ മേഖലയിലുള്ളവർക്ക് വ്യാപാരമേഖലയായ കാട്ടൂർ ചന്തയിലെത്താൻ ഏതാനും മിനിറ്റുകൾ മതി. എടത്തിരുത്തി, കാട്ടൂർ തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് തീരദേശ ഹൈവേയിലേക്കും തൃപ്രയാർ, വാടാനപ്പള്ളി, ഗുരുവായൂർ എന്നിവിടങ്ങളിലേക്കും എത്താനുള്ള എളുപ്പവഴി കൂടിയാകും ഇത്.
കനാലും പുഴയും കടവും ചേർന്ന പ്രദേശം പച്ചപ്പ് നിറഞ്ഞ് പ്രകൃതിരമണീയമാണ്. പാലം പൂർത്തിയായതോടെ നിരവധി പേരാണ് ഈ ഭാഗത്ത് സന്ദർശനത്തിനെത്തുന്നത്. സർക്കാറിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി മാർച്ചിൽ ഉദ്ഘാടനം നടത്തുമെന്ന് ഇ.ടി. ടൈസൺ എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.