കയ്പമംഗലം: അപകടരഹിത പാതക്കായി കയ്പമംഗലത്തിന്റെ കരുതൽ പദ്ധതി 100 ദിവസം പിന്നിട്ടു. കയ്പമംഗലത്ത് ദേശീയപാതയിലെ വാഹനാപകടങ്ങൾ ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ചുക്കുകാപ്പി പദ്ധതിയാണ് ജനപിന്തുണയിൽ 100 ദിവസം പൂർത്തിയാക്കിയത്.
ദേശീയപാത 66ൽ രാത്രികളിൽ അപകടങ്ങൾ വർധിക്കുന്നതും മരണം സംഭവിക്കുന്നതും പതിവായതോടെ ഡ്രൈവർമാരുടെ ഉറക്കത്തിന് തടയിടാനാണ് ചുക്കുകാപ്പി വിതരണം ആരംഭിച്ചത്. രാത്രി 12.30 മുതൽ പുലർച്ച 4.30 വരെ കയ്പമംഗലം ബോർഡ് ജങ്ഷനിലാണ് അപകടരഹിത പാതക്കായി കയ്പമംഗലത്തിന്റെ കരുതൽ പദ്ധതിയായ ചുക്കുകാപ്പി വിതരണം.
പ്രമുഖർ ഉൾപ്പെടെ പലരും പിന്തുണയുമായെത്തി. വിദ്യാർഥികൾ, ക്ലബുകൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയപ്രവർത്തകർ തുടങ്ങിയവർ ചുക്കുകാപ്പി വിതരണത്തിന് സന്നദ്ധരായി. ഈ 100 ദിവസത്തിനിടെ പ്രദേശത്ത് രാത്രി ഒരു അപകടംപോലും ഉണ്ടായില്ലെന്നും ശ്രദ്ധേയമാണ്.
100ാം ദിനത്തിൽ തൃശൂർ സബ് കലക്ടർ മുഹമ്മദ് ഷെഫീക്ക് വിതരണകേന്ദ്രം സന്ദർശിച്ചു. കയ്പമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഇ.ടി. ടൈസൺ എം.എൽ.എ, കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരൻ, പദ്ധതി ചെയർമാനും പഞ്ചായത്ത് അംഗവുമായ സി.ജെ. പോൾസൺ, കോഓഡിനേറ്റർ കെ.കെ. സക്കരിയ, കയ്പമംഗലം പൊലീസ് ഇൻസ്പെക്ടർ എം. ഷാജഹാൻ, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ യു.വൈ. ഷമീർ, വാർഡ് അംഗം റസീന ഷാഹുൽ ഹമീദ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ചളിങ്ങാട് ഇശൽ മെഹ്താബ് അവതരിപ്പിച്ച കൈമുട്ടിപ്പാട്ടും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.