കയ്പമംഗലം: കയ്പമംഗലം പഞ്ചായത്ത് 15ാം വാർഡിലെ മത്സരം ഇക്കുറി പൊടിപാറും. ഇരുപത്തൊന്നുകാരിയായ എൽ.ഡി.എഫ് സ്ഥാനാർഥി ബി.എസ്. ജ്യോത്സന മത്സരിക്കുന്നത് സ്വന്തം അധ്യാപികക്കെതിരെ. ജനുവരി 14 ന് 21 തികഞ്ഞ ഈ വിദ്യാർഥിനി 12 വർഷം പഠിച്ചത് കയ്പമംഗലം ഗവ. ഫിഷറീസ് സ്കൂളിലായിരുന്നു. ഇതേ സമയം സ്കൂളിലെ എക്കണോമിക്സ് അധ്യാപികയും തുടർന്ന് പ്രിൻസിപ്പലുമായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി പി.കെ. സുകന്യ. വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായ ജ്യോത്സന നിലവിൽ എസ്.എഫ്.ഐ നാട്ടിക ഏരിയ പ്രസിഡൻറും ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗവുമാണ്.
തൃശൂർ കേരള വർമ കോളജിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടി എൽ.എൽ.ബിക്ക് ചേരാനുള്ള ഒരുക്കത്തിലാണ്. രോഗികൾക്ക് പൊതിച്ചോർ സംഘടിപ്പിക്കുന്നതടക്കം രാഷ്ട്രീയ, ജീവകാരുണ്യ പ്രവർത്തനം വഴി നാടിെൻറ സ്പന്ദനം പരിചിതം. പ്രചരണത്തിെൻറ ഒന്നാം റൗണ്ട് പൂർത്തിയാക്കിയപ്പോൾ വിജയ പ്രതീക്ഷയിലാണ് ജ്യോത്സന. അധ്യാപികയുമായുള്ള മത്സരം സ്പോർട്സ്മാൻ സ്പിരിറ്റിലാണ് എടുത്തിരിക്കുന്നതെന്നും സ്ഥാനാർഥി പറഞ്ഞു.
അതേസമയം, മുൻ പഞ്ചായത്തംഗം പി.ടി. രാമചന്ദ്രെൻറ ഭാര്യയായ സുകന്യ ടീച്ചർ പറയുന്നത്, സ്വന്തം വിദ്യാർഥികളുടെ വളർച്ചയിൽ സന്തോഷിക്കുന്നു എന്നാണ്. ജ്യോത്സന ഇഷ്ടപ്പെട്ട വിദ്യാർഥിയാണ്. ഭർത്താവിെൻറ രാഷ്ട്രീയ പ്രവർത്തനമാണ് പ്രചോദനം. കൂടുതൽ ലോക പരിചയമുള്ളവർ ഭരണ രംഗത്തെത്തുന്നതാണ് നാടിന് നല്ലതെന്നും അതാണ് താൻ മത്സരിക്കാൻ കാരണമെന്നും അവർ കൂട്ടിച്ചേർത്തു. എൻ.ഡി.എ സ്ഥാനാർഥി ഇന്ദുകലയും സുകന്യ അധ്യാപികയായിരിക്കെ ഫിഷറീസ് സ്കൂളിലെ വിദ്യാർഥിനിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.