കയ്പമംഗലം: ദേശീയപാതയിൽ കയ്പമംഗലത്ത് അപകടങ്ങൾ പെരുകുന്നു. രണ്ടാഴ്ചക്കിടെ കയ്പമംഗലത്ത് മാത്രം 10 അപകടങ്ങളും മൂന്ന് മരണവും സംഭവിച്ചു. ഇക്കഴിഞ്ഞ 23ന് കയ്പമംഗലം പനമ്പിക്കുന്നിൽ ടാങ്കർ ലോറി ഇടിച്ച് ലോറി ഡ്രൈവർ കർണാടക സ്വദേശി മരിച്ചിരുന്നു. കയ്പമംഗലം ബോർഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മധ്യവയസ്കൻ മരിച്ചത് ജൂൺ രണ്ടിനാണ്.
ലോറി അപകടം ഉണ്ടായ അതേ സ്ഥലത്താണ് തിങ്കളാഴ്ച സിനിമ ടെലിവിഷൻ താരം കൊല്ലം സുധിയും വാഹനാപകടത്തിൽ മരിച്ചത്. നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുന്ന നിരവധി അപകടങ്ങളും നിത്യസംഭവങ്ങളാകുന്നുണ്ട്.
നിയന്ത്രണം തെറ്റിയ വാഹനങ്ങൾ റോഡരികിലെ വൈദ്യുതി തൂണുകൾ ഇടിച്ച് തകർക്കുന്നത് ദിനം പ്രതിയെന്നോണമാണ് നടക്കുന്നത്. കഴിഞ്ഞ മാസം നാട്ടികയിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് മൂന്ന് യുവാക്കൾ മരിച്ചിരുന്നു. കൂടുതലും അപകടങ്ങളും നടക്കുന്നത് പുലർച്ചയാണ്. ഡ്രൈവർ ഉറങ്ങി പോകുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്നാണ് നിഗമനം. കൂടാതെ അതിവേഗതയും അശ്രദ്ധയും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
ദേശീയ പാതയിൽ കൊടുങ്ങല്ലൂരിനും ചേറ്റുവക്കും ഇടയിലാണ് രാത്രികാലങ്ങളിൽ ഏറ്റവും കൂടുതൽ വാഹന അപകടങ്ങൾ നടക്കുന്നത്. ഈ ദൂരപരിധിക്കുള്ളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ രാത്രികാല പോലീസ് പരിശോധന ഉണ്ടെങ്കിൽ ദീർഘദൂര യാത്രക്കാരുടെ ഉറക്കം മാറുകയും അപകടങ്ങൾ കുറക്കാൻ സാധിക്കുമെന്നും പൊതു ജനാഭിപ്രായമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.