കയ്പമംഗലം: വഞ്ചിപ്പുര ബീച്ചില്‍ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ വള്ളം മറിഞ്ഞ് തൊഴിലാളിക്ക് പരിക്ക്. കയ്പമംഗലം സ്വദേശി കോഴിശേരി നകുലനാണ് (50) പരിക്കേറ്റത്. തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ച രണ്ടോടെയാണ് അപകടം. മത്സ്യബന്ധനത്തിനുശേഷം മീനുമായി കരയിലേക്ക് കയറുകയായിരുന്ന, കോഴിപറമ്പിൽ ഗണേശന്റെ ഉടമസ്ഥതയിലുള്ള ‘ആദിപരാശക്തി’ ഫൈബര്‍ വള്ളമാണ് അപകടത്തിൽപെട്ടത്.
കരയോട് 50 മീറ്റർ അകലെ തിരമാലയില്‍പെട്ട് മറിയുകയായിരുന്നു. നകുലനുള്‍പ്പെടെ ഏഴ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. കരയിലുണ്ടായിരുന്ന മറ്റു മത്സ്യത്തൊഴിലാളികൾ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വള്ളം ദേഹത്തേക്ക് മറിഞ്ഞാണ് നകുലന് തണ്ടെല്ലിന് ഗുരുതരമായി പരിക്കേറ്റത്. വള്ളത്തിലുണ്ടായിരുന്ന മീനും വലയും എന്‍ജിനും നാശനഷ്ടമുണ്ട്. നാല് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി തൊഴിലാളികൾ പറഞ്ഞു.
വള്ളത്തിനും തൊഴിലാളികൾക്കും സർക്കാർ അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മണി കാവുങ്ങൾ ആവശ്യപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.എഫ്. ഡൊമിനിക്, സജേഷ് പള്ളത്ത്, കെ.വി. തമ്പി, ദാസൻ പനയ്ക്കൽ, കെ.ആർ. രഘുനാഥൻ, കെ.കെ. പ്രഭാകരൻ എന്നിവരും സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.