കയ്പമംഗലം: ഒറിജിനൽ വാഹനങ്ങളെ വെല്ലുന്ന കുഞ്ഞൻ പതിപ്പുകൾ നിർമിച്ച് ശ്രദ്ധേയരാവുകയാണ് മിടുക്കരായ രണ്ട് വിദ്യാർഥികൾ. അയൽവാസികളും സുഹൃത്തുക്കളുമായ കാക്കരപ്പീടികയിൽ വീരുവിെൻറ മകൻ മുഹ്സിനും ചന്ദ്രപ്പുരക്കൽ വേണുവിെൻറ മകൻ ജിഷ്ണുവുമാണ് വർഷത്തിലധികം നീണ്ട കോവിഡ്കാല കഠിനാധ്വാനത്തിലൂടെ ഇത് സാധ്യമാക്കിയത്.
കയ്പമംഗലം ബോർഡ് സ്വദേശികളായ മുഹ്സിൻ ചെന്ത്രാപ്പിന്നി സ്കൂളിൽ പ്ലസ് ടുവിനും ജിഷ്ണു ഫിഷറീസ് സ്കൂളിൽ പ്ലസ് വണിനുമാണ് പഠിക്കുന്നത്. ചട്ടക്കടലാസ് കൊണ്ട് നേരേത്ത വാഹനങ്ങൾ നിർമിക്കുന്ന ശീലമുണ്ടെങ്കിലും ഇത്തിരി ഭംഗിയിൽ എങ്ങനെ ഒരു ബസ് നിർമിക്കാം എന്ന ചിന്തയാണ് പ്രയത്നത്തിന് തുടക്കമായത്.
ഇതിന് ഇൻറീരിയർ ഡിസൈനിങ്ങിന് ഉപയോഗിക്കുന്ന ഫോറക്സ് ഷീറ്റ് കിട്ടിയതോടെ രാപ്പകൽ ഭേദമില്ലാതെ പണി തുടർന്നു. മൂന്നുതവണ പരാജയപ്പെട്ടിട്ടും പിന്മാറിയില്ല. ഒരുമാസം നീണ്ട ശ്രമത്തിനൊടുവിൽ 62 സെ.മീ. നീളവും 15 സെ.മീ. വീതിയും 15.5 സെ.മീ ഉയരവുമുള്ള കെ.എസ്.ആർ.ടി.സി ബസ് തയാറായി.
സ്റ്റിയറിങ്, സീറ്റ്, ലൈറ്റ്, കമ്പികൾ, ഡോറുകൾ എല്ലാം കിറുകൃത്യം. ഇതിനായി 3000 രൂപ ചെലവു വന്നപ്പോഴും വീട്ടുകാർ പ്രോത്സാഹിപ്പിച്ചു. തുടർന്നാണ് ടൂറിസ്റ്റ് ബസ്, ലോറി, ആംബുലൻസ്, പൊലീസ് ജീപ്പ്, കാറുകൾ തുടങ്ങിയവ നിർമിച്ചത്.
കുടക്കമ്പി, കുടശീല, ഗുളികയുടെ കവർ, വള, റെക്സിൻ ഷീറ്റ്, ചില്ല് തുടങ്ങി ടൂത്ത് പിക്ക് വരെ തരാതരം ഉപയോഗിച്ചാണ് വാഹനങ്ങളുടെ നിർമിതി. വാഹനങ്ങളും ഓരോ ഭാഗത്തിനും യോജിച്ച വസ്തുക്കൾ കിട്ടാനായി നടത്തുന്ന അന്വേഷണവും അലച്ചിലും ചെറുതല്ല. പെയിൻറിങ്ങും ലൈറ്റിനായി സർക്യൂട്ട് നിർമിക്കുന്നതും സ്റ്റിക്കർ കട്ടിങ്ങും ടയറിന് ബോൾബെയറിങ് നടത്തുന്നതും ഇരുവരും തന്നെ.
പഴയ മോഡൽ പൊലീസ് ജീപ്പിെൻറ മിനിയേച്ചർ കയ്പമംഗലം പൊലീസിനും സ്ട്രെച്ചർ അടക്കമുള്ള സൗകര്യത്തോടെ സംവിധാനിച്ച ആംബുലൻസ് ചെന്ത്രാപ്പിന്നി ആക്ട്സിനും സമ്മാനിക്കാനാണ് ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.