കയ്പമംഗലം: കല്യാണദിവസം പരീക്ഷയും വന്നതോടെ മണവാട്ടിയായി ചമയിച്ചൊരുക്കി കല്യാണപ്പെണ്ണിനെ വീട്ടുകാര്‍ നേരെ യാത്രയയച്ചത് പരീക്ഷ ഹാളിലേക്ക്. കയ്പമംഗലം ചളിങ്ങാട് സ്വദേശി പുഴങ്കരയില്ലത്ത് ഷാനവാസ്-ലൈല ദമ്പതികളുടെ മകൾ ഫൗസിയയാണ് ആഭരണങ്ങളും മേക്കപ്പുമൊക്കെയായി നവ വധുവിന്റെ വേഷത്തിൽ പടിഞ്ഞാറെ വെമ്പല്ലൂർ അസ്മാബി കോളജിലെ പരീക്ഷ ഹാളിലേക്ക് പ്രവേശിച്ചത്.
ഹാളില്‍ ഒമ്പതരയോടെ ഫൗസിയ എത്തിയപ്പോള്‍ ആശംസകളുമായി സഹപാഠികളും അധ്യാപകരുമെത്തി. പരീക്ഷ നന്നായിയെഴുതിയ സന്തോഷത്തോടെ 11.30ന് കാറിൽ നേരേ വിവാഹ വേദിയിലേക്ക്.
12ന് വിവാഹ വേദിയിൽ ടെൻഷൻ ഒട്ടുമില്ലാതെ ഫൗസിയയെത്തിയപ്പോൾ ബന്ധുക്കൾക്കും ആശ്വാസം. അസ്മാബി കോളജിലെ ബി.കോം നാലാം സെമസ്റ്റർ വിദ്യാർഥിനിയായ ഫൗസിയയുടേയും കയ്പമംഗലം സ്വദേശിയായ നെബിലിന്റെയും വിവാഹം ആറ് മാസം മുമ്പാണ് നിശ്ചയിച്ചുറപ്പിച്ചത്.
പരീക്ഷ തീയതിയിൽ സർവകലാശാല മാറ്റം വരുത്തിയപ്പോഴാണ് വിവാഹവും പരീക്ഷയും ഒരു ദിവസം തന്നെയായത്. ഏപ്രിലിൽ നടക്കേണ്ട പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ ഒരാഴ്ച മുമ്പാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ, പരീക്ഷയൊഴിവാക്കേണ്ട എന്ന തീരുമാനത്തിൽ ബന്ധുക്കളെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.