കയ്പമംഗലം: തീരദേശത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശം. മതിലകത്ത് വീട് തകർന്നു. പത്തോളം വീടുകൾക്ക് മുകളിൽ മരം വീണു. എടത്തിരുത്തിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച രാവിലെയുമായി വീശിയടിച്ച കാറ്റിലാണ് നാശമുണ്ടായത്. കൂളിമുട്ടം പൊക്ലായിയിൽ കളത്തിൽ പത്മാക്ഷി ഗോപാലന്റെ വീടാണ് നിലംപൊത്തിയത്. പുലർച്ചെയുണ്ടായ കാറ്റിലാണ് സംഭവം.
ഓടിട്ട വീടിന്റെ മേൽക്കൂര പൂർണമായി തകർന്നു. സംഭവ സമയം പത്മാക്ഷിയും മകനും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചാമക്കാലയിലും ചെന്ത്രാപ്പിന്നിയിലും ബുധനാഴ്ച രാവിലെ വീശിയടിച്ച കാറ്റിൽ നിരവധി മരങ്ങൾ ഒടിഞ്ഞുവീണു. ചാമക്കാലയിൽ പറൂപ്പനക്കൽ കയ്യയുടെ വീട്ടുപറമ്പിലെ കൂറ്റൻ മരം വീടിന് മുകളിൽ വീണു. രണ്ട് തെങ്ങുകളും കവുങ്ങും ഒടിഞ്ഞുവീണു. വീടിന് ഭാഗികമായി കേടുപാട് സംഭവിച്ചു.
മുതിരപറമ്പിൽ രാമു, എടവഴിപ്പുറത്ത് ഇബ്രാഹിം എന്നിവരുടെ വീടിന് മുകളിലും മരം വീണു. ഇബ്രാഹിമിന്റെ വീടിന്റെ ഓടിട്ട ഭാഗം തകർന്നു. ചാമക്കാല ആമക്കുഴി പാലത്തിന് സമീപം വൻമരം ഒടിഞ്ഞ് വീണ് രണ്ട് വൈദ്യുതി തൂണുകൾ തകർന്നു. വടക്കൂട്ട് ഉഷ ലെവന്റെ വീടിന് മുകളിലേക്കാണ് തൂൺ വീണത്.
മരം റോഡിന് കുറുകെ വീണതിനാൽ ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു. ചെന്ത്രാപ്പിന്നി ഈസ്റ്റിൽ ഞാറ്റുകെട്ടി രവി, പനയ്ക്കൽ ഷനിൽ, പുത്തൂര്‍ സദാനന്ദൻ, കാരയിൽ അജിതൻ, കാരയിൽ ജയരാമൻ, തോട്ടുപറമ്പത്ത് ഷൈലേഷ്, എടത്തിരുത്തി കോലോത്തുംകാട്ടിൽ സുനിൽകുമാർ എന്നിവരുടെ വീടുകൾക്ക് മുകളിലും മരം വീണ് ഭാഗിക നാശം സംഭവിച്ചു.
ചെന്ത്രാപ്പിന്നി പതിനേഴാം കല്ല് പെട്രോൾ പമ്പിൽ നിർത്തിയിട്ട ടോറസ് ലോറിക്ക് മുകളിൽ മരക്കൊമ്പ് ഒടിഞ്ഞുവീണ് മുൻവശത്തെ ചില്ല് പൊട്ടി. കനത്ത മഴയിൽ ചെന്ത്രാപ്പിന്നി പഴയ പോസ്റ്റ് ഓഫിസ് റോഡിലെ കലുങ്ക് അപകടാവസ്ഥയിലായി. കലുങ്കിന് സമീപം വലിയ കുഴികൾ രൂപപ്പെട്ട് മണ്ണ് ഒലിച്ചുപോയതാണ് ഭീഷണിയുയർത്തുന്നത്. ഇതുവഴി ഗതാഗതം നിരോധിച്ചു.
കനത്ത മഴയിൽ ദേശീയപാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ചെന്ത്രാപ്പിന്നിയിൽ തോടുകൾ കവിഞ്ഞ് വെള്ളം ദേശീയപാതയിലൂടെ ഒഴുകുകയാണ്. കയ്പമംഗലം ബോർഡ് പെട്രോൾ പമ്പിന് സമീപം ദേശീയ പാതയിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ദേശീയപാത നിർമാണം നടക്കുന്ന ഭാഗത്തും വെള്ളക്കെട്ടുണ്ട്.
തീരദേശത്ത് താഴ്ന്ന പ്രദേശങ്ങൾ മുഴുവനും വെള്ളക്കെട്ടിലാണ്. എടത്തിരുത്തി പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. വെള്ളക്കെട്ട് രൂക്ഷമായ ചെന്ത്രാപ്പിന്നി മണ്ഡലാക്കൽ ഭാഗത്തുള്ളവരെയാണ് ചാമക്കാല ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റിയത്.
വാടാനപ്പള്ളി: കാന നിർമിക്കാതെ ബൈപാസ് നിർമാണം നടക്കുന്നതിനാൽ തളിക്കുളം കലാഞ്ഞി മേഖലയിലെ ഇരുപതോളം വീടുകൾ വെള്ളത്തിൽ. കച്ചേരിപ്പടി കിങ് ഓഡിറ്റോറിയത്തിന് കിഴക്ക് താമസിക്കുന്ന കുടുംബങ്ങൾക്കാണ് ദുരിതം. ചിലങ്ക പടിഞ്ഞാറ്, ഇടശ്ശേരി പടിഞ്ഞാറ് മേഖലയിലെ മഴവെള്ളം പത്താംകല്ല്, കച്ചേരിപ്പടി അറപ്പ തോടുകൾ വഴിയാണ് കനോലി പുഴയിൽ എത്തിയിരുന്നത്.
ദേശീയപാത 66ന്റെ ബൈപാസ് ഇതുവഴിയാണ് കടന്നുപോകുന്നത്. നിർമാണത്തിനിടെ തോടുകൾ അടഞ്ഞതോടെ നീരൊഴുക്ക് തടസ്സപ്പെട്ടു. തോടുകൾ ഇല്ലാതായതോടെ മഴയിൽ ഒഴുകിയെത്തുന്ന വെള്ളം പുഴയിലേക്ക് ഒഴുകാതെ മേഖലയിൽ കെട്ടിക്കിടക്കുകയാണ്. വെള്ളം ശക്തിയായി വരുന്നതോടെ വീടുകളിലേക്കും കടന്നു. തിരുവാടത്ത് കണ്ണൻ, പ്ലാവളപ്പിൽ ചിന്നു, പ്രശാന്ത്, മനയംപറമ്പിൽ മഞ്ജുള ബാബു, വടക്കുമുറി ശാന്ത, രാജേഷ്, മാളിയേക്കൽ ഷഫീഖ്, വടക്കുമുറി രാജു, അശോകൻ, എറക്കിൽ സുനിത എന്നിവരുടെ വീടുകളാണ് വെള്ളക്കെട്ടിലായത്.
വെള്ളം കണ്ണന്റെ വീടിനുള്ളിലേക്ക് കയറിയതോടെ അടുക്കളയിലെ പാത്രങ്ങൾ ഒഴുകിപ്പോയി. വീടിന്റെ അകത്ത് നിറയെ വെള്ളം നിറഞ്ഞു. വീടിന് കേടുപാട് സംഭവിച്ചതിനാൽ താമസിക്കാൻ പറ്റാത്ത അവസ്ഥയാണ്. പ്രദേശത്തെ വീടുകൾക്ക് സമീപം കനത്ത വെള്ളക്കെട്ടാണ്.
കക്കൂസ് നിറഞ്ഞതോടെ പ്രദേശം രോഗഭീഷണിയിലാണ്. ബൈപാസിന് അടിയിലൂടെ കാന നിർമിച്ച് വെള്ളം പുഴയിലേക്ക് ഒഴുക്കി വിട്ടില്ലെങ്കിൽ വീടുകൾ ഭീഷണിയിലാകുമെന്ന് നാട്ടുകാർ പറയുന്നു. വാർഡ് അംഗം വിനയം പ്രസാദ്, ജനകീയ സമിതി ചെയർപേഴ്സൻ സുനിത, കിരൺ, മുനീർ ഇടശ്ശേരി എന്നിവർ സ്ഥലം സന്ദർശിച്ചു.
കയ്പമംഗലം: എടത്തിരുത്തിയിൽ വൈദ്യുതി കമ്പി പൊട്ടി വീണ് ഷോക്കേറ്റ് കുറുനരികള്‍ ചത്തു. കുമ്പളപറമ്പ് സർദാർ ലിങ്ക് റോഡിൽ ബുധനാഴ്ച പുലർച്ചയായിരുന്നു സംഭവം. സ്വകാര്യ പറമ്പിലെ തേക്കിന്റെ കൊമ്പ് വൈദ്യുതി കമ്പിയിലേക്ക് വീഴുകയായിരുന്നു. വെള്ളത്തിലേക്ക് വീണ കമ്പിയിൽ ചവിട്ടിയാണ് കുറുനരികള്‍ ചത്തത്. രാവിലെ ജോലിക്ക് പോകുകയായിരുന്ന ബസ് കണ്ടക്ടർ വീജിഷ് കുറുനരികൾ ചത്ത് കിടക്കുന്നത് കണ്ട ഉടന്‍ കെ.എസ്.ഇ.ബി ജീവനക്കാരെ അറിയിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ ദുരന്തം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.