കയ്പമംഗലം: മൊബൈൽ ഉപയോഗത്തിൽനിന്ന് വീട്ടുകാർ വിലക്കിയതോടെ സൈക്കിൾ റിപ്പയറിങ്ങിൽ താരമായിരിക്കുകയാണ് 13കാരൻ. ചളിങ്ങാട് അമ്പലനട സ്വദേശി ഇല്ലത്തുപറമ്പിൽ ഇല്യാസ് - ജാസ്മിൻ ദമ്പതികളുടെ മകൻ ഇസ്ഹാൻ ഫാറൂഖാണ് വീട്ടിൽ സ്വന്തമായി വർക്ക്ഷോപ്പുതന്നെ സജ്ജീകരിച്ച് ശ്രദ്ധേയനായിരിക്കുന്നത്.
കോവിഡ് കാലത്ത് മൊബൈൽ ഫോൺ കിട്ടാതായതോടെ, തൊട്ടടുത്തുള്ള പിതൃസഹോദരെൻറ ടൂവീലർ വർക്ക്ഷോപ്പായി ഇസ്ഹാെൻറ ആശ്രയം. പിന്നീട് കൂട്ടുകാരുടെ സൈക്കിൾ റിപ്പയർ ചെയ്തു തുടങ്ങി. ഇത് വിജയിച്ചതോടെ, ആക്രിക്കടയിൽ നിന്നും വീടുകളിൽ നിന്നും പഴയ സൈക്കിളുകൾ സംഘടിപ്പിച്ച് റീസെറ്റ് ചെയ്തു.
പ്രവാസിയും മെക്കാനിക്കുമായ പിതാവാണ് ഫോണിലൂടെ സംശയങ്ങൾ തീർക്കുന്നത്. അഞ്ചോളം സൈക്കിളുകൾ ഇതിനകം വിൽപന നടത്തിക്കഴിഞ്ഞു. സ്കൂളിൽ നിർധനരായ കൂട്ടുകാർക്ക് സൈക്കിൾ സജ്ജീകരിച്ചുകൊടുത്തതോടെ സമൂഹ മാധ്യമങ്ങൾ വഴി ഇസ്ഹാെൻറ കഥ വൈറലായി. ഇതോടെ, ആർ.സി.യു.പി സ്കൂൾ അധികൃതരും പ്രത്യേകം അഭിനന്ദിച്ചു.
കയ്പമംഗലം പഞ്ചായത്ത് പ്രസിഡൻറ് ശോഭന നേരിട്ടെത്തി അനുമോദനം അർപ്പിച്ചു. സൈക്കിൾ റിപ്പയറിങ്ങിന് പുറമെ കൃഷിയിലും തൽപരനാണ് ഈ മിടുക്കൻ. പച്ചക്കറി കൃഷിക്ക് പുറമെ, പ്രാവ്, താറാവ്, കോഴി, മുയൽ, ആട്, മീൻ എന്നിവയെയും വീട്ടിൽ വളർത്തുന്നുണ്ട്.
ഇക്കഴിഞ്ഞ കർഷക ദിനത്തിൽ, കയ്പമംഗലം പഞ്ചായത്തിലെ മികച്ച കുട്ടിക്കർഷകനായി തിരഞ്ഞെടുത്തത് ഈ ഏഴാം ക്ലാസുകാരനെയാണ്. വൈകുന്നേരമായാൽ പ്രദേശത്തെ കുട്ടികളുടെ വിഹാര കേന്ദ്രം കൂടിയാണ് ഇസ്ഹാെൻറ വർക്ക്ഷോപ്. കളിക്കൂട്ടുകാർ മാത്രമല്ല, മിക്കവരും ഹെൽപ്പർമാർകൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.