കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്തിെൻറ ഉടമസ്ഥതയിലുള്ള ഷോപ്പിങ് കോംപ്ലക്സ് കെട്ടിട്ടം അപകടാവസ്ഥയിൽ. ദേശീയപാത 66ൽ മൂന്നുപീടിക സെൻററിലുള്ള ബഹുനില കെട്ടിടത്തിെൻറ മുകൾ നിലയാണ് കോൺക്രീറ്റ് അടർന്ന് വീണ് അപകട ഭീഷണി ഉയർത്തുന്നത്. കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്ന് മുകൾ നിലയിലെ വ്യാപാരികളെ നേരത്തേ ഒഴിപ്പിച്ചിരുന്നു.
താഴത്തെ നിലയിലെ വ്യാപാരികളോട് ഒഴിഞ്ഞുപോകാൻ പലതവണ പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടെങ്കിലും ഇപ്പോഴും ഒമ്പത് വ്യാപാര സ്ഥാപനങ്ങൾ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. അതിനിടയിലാണ് കഴിഞ്ഞയാഴ്ച കെട്ടിടത്തിെൻറ മേൽക്കൂരയുടെ ഒരുഭാഗം കൂടി അടർന്നുവീണത്. ആളപായം ഉണ്ടായില്ലെങ്കിലും കെട്ടിടത്തിന് താഴെ പാർക്ക് ചെയ്തിരുന്ന വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി അപകടാവസ്ഥയിലുള്ള കെട്ടിടത്തിലേക്കുള്ള പ്രവേശന കവാടം അടക്കുകയും ഈ ഭാഗത്തെ തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കുകയും ചെയ്തു.
കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ കെട്ടിടത്തിലെ മുഴുവൻ വ്യാപാരികളോടും ബുധനാഴ്ചക്ക് മുമ്പ് മുറികൾ ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. എന്നാൽ, അനുയോജ്യമായ മറ്റൊരിടം കണ്ടെത്താനാകാത്തതാണ് കെട്ടിടം ഒഴിഞ്ഞുപോകാൻ വൈകാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. ദേശീയപാതക്ക് സമീപമുള്ള മറ്റു കെട്ടിടങ്ങളിൽ മുറികൾക്ക് ഉയർന്ന വാടക ഈടാക്കുന്നതാണ് വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നത്. മാത്രമല്ല, മറ്റൊരു സ്ഥലം ലഭിക്കുന്നത് വരെ സാധനങ്ങൾ മുഴുവൻ ഇനി എവിടേക്ക് മാറ്റുമെന്ന ആശങ്കയും വ്യാപാരികൾക്കുണ്ട്.
അതേസമയം, സംസ്ഥാന ബജറ്റിൽ മൂന്നുപീടികയിലെ ആധുനിക ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന് പഞ്ചായത്തിന് ഏഴുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ, അത് കഴിഞ്ഞ ശേഷം നിലവിലുള്ള കെട്ടിടം പൂർണമായി പൊളിച്ച് ആധുനിക രീതിയിലുള്ള പുതിയ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം പണിയുമെന്നും നിലവിലുള്ള വ്യാപാരികളെ നിയമാനുസൃതമായ എല്ലാ ഇളവുകളോടെയും പുനരധിവസിപ്പിക്കുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.