കയ്പമംഗലം: മലയാള സിനിമയുടെ 85 വർഷത്തെ ചരിത്രം പാട്ടുകളിലൂടെയും പാട്ടിന്റെ ശിൽപികളിലൂടെയും പരിചയപ്പെടുത്തി ‘പാട്ടോർമകൾ’ ലേഖന പരമ്പര. തലമുറകൾ നെഞ്ചേറ്റിയ മലയാളത്തിലെ പ്രിയ ഗാനങ്ങളെയും അതിന്റെ ശിൽപികളെയും പരിചയപ്പെടുത്തുന്ന ലേഖന പരമ്പരയാണ് പാട്ടോർമകൾ. ചെന്ത്രാപ്പിന്നി സ്വദേശിയും എഴുത്തുകാരനും സ്വതന്ത്ര പത്രപ്രവർത്തകനുമായ സതീഷ് കുമാർ വിശാഖപട്ടണമാണ് രചയിതാവ്.
ഹൈദരാബാദിൽ ബിസിനസുകാരനായ സതീഷ് കുമാർ വിശാഖപട്ടണത്തെ സംഗീത പ്രേമികളുടെ വാട്സ് ആപ്പ് ഗ്രൂപ്പായ ‘ഷാപ്പ് സംഗീത’ത്തിലാണ് 2020 ജൂലൈ 15 മുതൽ പരീക്ഷണമെന്ന നിലയിൽ പാട്ടോർമകൾ പങ്കുവെക്കാൻ തുടങ്ങിയത്. സുഹൃത്തുക്കളുടെയും സംഗീതാസ്വാദകരുടെയും പ്രോത്സാഹനമായതോടെ ഗ്രൂപ്പിൽ പാട്ടോർമകൾ സ്ഥിരമായി. ഔദ്യോഗിക ജീവിതത്തിന് ശേഷം നാട്ടിലെത്തിയപ്പോഴാണ് കോവിഡുമായി ബന്ധപ്പെട്ട് ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്.
അതോടെ എഴുത്ത് കൂടുതൽ സജീവമായി. തുടക്കത്തിൽ ചില പ്രത്യേക പാട്ടുകളിലും ഗാന ശിൽപികളിലും ഒതുങ്ങിയിരുന്ന പാട്ടോർമകൾ, ആരാധകർ ഏറിയതോടെ കേരളത്തിന്റെ സാംസ്കാരം, ചരിത്രം, സമകാലിക സംഭവങ്ങൾ, വിശേഷ ദിവസങ്ങൾ തുടങ്ങിയവയെല്ലാം ഇഴചേർത്ത് അനശ്വര ഗാനങ്ങളെ പരിചയപ്പെടുത്തുന്ന ഇടമായി മാറി.
പഴയതും പുതിയതുമായ ഗാനങ്ങളെല്ലാം സതീഷ് കുമാറിന്റെ ലേഖന പരമ്പരയിൽ നിറഞ്ഞു. സമൂഹമാധ്യമ കൂട്ടായ്മകളിലൂടെ ഇതിനോടകം തന്നെ നാട്ടിലും വിദേശത്തും പാട്ടോർമകൾ വൻ ഹിറ്റാണ്. വിവിധ ഓൺലൈൻ പോർട്ടലുകളും ഇപ്പോൾ പാട്ടോർമകൾ പ്രസിദ്ധീകരിക്കുന്നുണ്ട്. അങ്ങനെ 365 ദിവസം പൂർത്തിയാക്കിയതോടെ ‘പാട്ടോർമകൾ@365’ പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു.
പ്രേംനസീർ സുഹൃദ് സമിതിയുടെ പ്രേംനസീർ രചന പ്രതിഭ പുരസ്കാരമുൾപ്പെടെ ചെറുതും വലുതുമായ നിരവധി അംഗീകാരങ്ങളാണ് തേടിയെത്തിയത്. തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും പാട്ടോർമകൾ താരമായി. 365 ദിവസവും പിന്നിട്ട് യാത്ര തുടരുന്ന പാട്ടോർമകൾ ഏറെ പുതുമകളോടെ ആയിരം ദിവസം പൂർത്തിയാക്കാനുള്ള തയാറെടുപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.