കയ്പമംഗലം: കുട്ടികളുടെ നീന്തൽ പരിശീലനത്തിന് വേണ്ടി പെരിഞ്ഞനം പഞ്ചായത്തിൽ പണിതീർത്ത നീന്തൽക്കുളം അധികൃതരുടെ അനാസ്ഥ മൂലം നാശോൻമുഖമായി. പെരിഞ്ഞനം വെസ്റ്റ് പ്രതീക്ഷ കലാസാംസ്കാരിക കേന്ദ്രത്തിന് സമീപമുള്ള നീന്തൽക്കുളമാണ് കാടുപിടിച്ച് ഉപയോഗശൂന്യമായത്. പ്രതീക്ഷ കലാസാംസ്കാരിക കേന്ദ്രം തയാറാക്കിയ പ്രോജക്റ്റ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയാണ് 23 സെൻറ് സ്ഥലം നീന്തൽക്കുളത്തിനായി വാങ്ങിയത്.
2011-16 കാലയളവിൽ കയ്പമംഗലം എം.എൽ.എയും മുൻ മന്ത്രിയുമായിരുന്ന വി.എസ്. സുനിൽകുമാറിെൻറ ആസ്തി വികസന ഫണ്ടിൽനിന്ന് 62 ലക്ഷത്തോളം രൂപ വകയിരുത്തിയാണ് നീന്തൽക്കുളം നിർമിക്കാനുള്ള പദ്ധതി തയാറാക്കിയത്. സിൽക്കിനായിരുന്നു നിർമാണ ചുമതല. സാങ്കേതിക കാരണങ്ങളാൽ നിർമാണ പ്രവർത്തനങ്ങൾക്ക് താമസം നേരിട്ടെങ്കിലും 2018ൽ പണി പൂർത്തീകരിച്ചു. കമീഷൻ നടപടികളും പൂർത്തിയാക്കി. കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ 20 ലക്ഷം രൂപ വകയിരുത്തി ചുറ്റുമതിലും കവാടവും നിർമിച്ചു. പക്ഷേ, നീന്തൽക്കുളം തുറന്നു കൊടുക്കാനുള്ള നടപടികൾ ഇതുവരെയും ബ്ലോക്ക് പഞ്ചായത്തധികൃതർ നടപ്പാക്കിയിട്ടില്ല.
കുളത്തിന് ചുറ്റുമായി പാകിയ കട്ടകൾ പലയിടത്തും ഇളകിമാറി കിടക്കുകയാണ്. പുല്ലു വളർന്ന് സ്ഥലം കാടുപിടിച്ചു. അതേസമയം, ജനകീയാസൂത്രണ രജത ജൂബിലിയാഘോഷ പദ്ധതിയിലുൾപ്പെടുത്തി നീന്തൽക്കുളം അറ്റകുറ്റപ്പണികൾ തീർത്ത് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനുള്ള നടപടിക്രമങ്ങൾ കൈക്കൊള്ളുമെന്ന് ബ്ലോക്ക് പഞ്ചായത്തധികൃതർ പറഞ്ഞിരുന്നെങ്കിലും അതും ഇതുവരെയും നടപ്പായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.