കൊടുങ്ങല്ലൂർ: വോട്ടുവഴികളിൽ ശോഭ സുബിനോടൊപ്പം പ്രിയതമയും. പൊരിവെയിലിനെ അവഗണിച്ചാണ് ഭാര്യ രേഷ്മ ഭർത്താവിന് വോട്ടുതേടി ഗ്രാമവീഥികളിലൂടെ നീങ്ങിയത്.
പെരിഞ്ഞനം പഞ്ചായത്തിെൻറ ഉൾഭാഗങ്ങളിലായായിരുന്നു യുവ ദമ്പതികൾ വോട്ട് തേടിയത്. സ്കൂട്ടറുമായി രേഷ്മ എത്തിയതോടെ ഭാര്യയുടെ പിന്നിലിരുന്നായി തുടർന്ന് ഭർത്താവിെൻറ വോട്ട് യാത്ര. കൊറ്റാംകുളം പടിഞ്ഞാറ് പരിസരത്തായിരുന്നു രേഷ്മ വോട്ട് അഭ്യർഥന നടത്താനുണ്ടായിരുന്നത്.
പഠനകാലത്ത് കെ.എസ്.യുവിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയിച്ചതും ഒന്നായതും. അതുകൊണ്ടുതന്നെ ശോഭയുടെ പൊതുപ്രവർത്തന ജീവിതത്തോട് ചേർന്ന് നിൽക്കാൻ ഭാര്യക്കും ഇഷ്ടമാണ്. രാവിലെ വീടുവിട്ടിറങ്ങുന്ന ഭർത്താവിന് പിറകെ വീട്ടിൽ ഒരു കുടുംബിനി ചെയ്യേണ്ട പണികളെല്ലാം ചെയ്തുതീർത്ത് കുറച്ച് കഴിഞ്ഞായിരിക്കും രേഷ്മ ഭർത്താവിനോടൊപ്പം പ്രചാരണത്തിൽ ചേരുക.
അഭിഭാഷകയായ അവർ ഉച്ചയോടെ തിരിച്ചുപോകും. ഏതാണ്ട് എല്ലാ ദിവസങ്ങളിലും അവർ പ്രചാരണത്തിൽ അണിചേരാറുണ്ട്. കയ്പമംഗലം യു.ഡി.എഫ് സ്ഥാനാർഥിയായ ശോഭ സുബിെൻറ പെരിഞ്ഞനം പഞ്ചായത്തുതല ഗ്രാമാന്തര പര്യടനം സുജിത്ത് ബീച്ചിൽ നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ പി.ബി. താജുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു.
വാസ്കോ, സമിതി ബീച്ച്, താടി വളവ്, അഞ്ചമ്പലം പരിസരം, ഓണപ്പറമ്പ്, പഞ്ചാര വളവ്, കൊറ്റംകുളം, കാരയിൽ ബേക്കറി പരിസരം, ഹോമിയോ ഡിസ്പെൻസറി പരിസരം, ചക്കരപ്പാടം സെൻറർ, പൊന്മാനികുടം റേഷൻകട പരിസരം, കുറ്റിലക്കടവ് പരിസരം, മൂന്നുപീടിക തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം നടത്തി.
കാരയിൽ ബേക്കറി യൂനിറ്റിലെ തൊഴിലാളികളുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ വനിത ജീവനക്കാർ സ്ഥാനാർഥിക്ക് മധുരപലഹാരങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.