കയ്പമംഗലം: ചെന്ത്രാപ്പിന്നിയിലെ ഓട്ടോ ഡ്രൈവറായ സലീമിന്റെ ഓട്ടോറിക്ഷ നിറയെ ഇപ്പോൾ തേയില പാക്കറ്റുകളാണ്. ഓട്ടോയുടെ പേരും മാറ്റി -ബോചെ ടീ എന്നാണിപ്പോൾ പേര്. ഇതോടെ സലീമിന് തിരക്കോട് തിരക്കാണ്. ഓട്ടോയിൽ കയറുന്ന യാത്രക്കാർ പാക്കറ്റുകണക്കിനാണ് തേയില സ്വന്തമാക്കുന്നത്.
വഴിയിൽ കാണുന്നവരും തേയില വാങ്ങാൻ സലീമിന്റെ ഓട്ടോക്ക് കൈ കാണിക്കും. ബോബി ചെമ്മണൂർ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായ ബോചെ ടീ യുടെ വിൽപ്പന ഏറ്റെടുത്തിരിക്കുകയാണ് പൊതുപ്രവർത്തകൻ കൂടിയായ ചെന്ത്രാപ്പിന്നി സ്വദേശി നെടിയപറമ്പിൽ അബ്ദുൽ സലീം. ബോബി ചെമ്മണൂർ ബോചെ ടീ പദ്ധതി നടപ്പാക്കിയതോടെയാണ് ഇതിൽ സലീം ആകൃഷ്ടനാകുന്നത്.
സലീം തന്റെ ഓട്ടോയിലും ബോചെ ടീ വിൽപ്പന നടത്താൻ ചെമ്മണൂർ ഗ്രൂപ്പിനെ താൽപര്യം അറിയിച്ചതോടെയാണ് ഓട്ടോ ‘ടീ’വണ്ടിയായത്. ഇതോടൊപ്പം ലഭിക്കുന്ന കൂപ്പണിൽനിന്ന് പ്രതിദിന നറുക്കെടുപ്പുമുണ്ട്. സമൂഹ മാധ്യമത്തിലൂടെ ഓട്ടോയുടെ ചിത്രം സലീം പങ്കുവെച്ചതോടെ ബോബി ചെമ്മണൂർ തന്നെ സലീമിനെ ഫോണിൽ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. ചൊവ്വാഴ്ച സലീമിനെ നേരിട്ടു കാണാൻ തൃശൂരിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.