കയ്പമംഗലം: ചെന്ത്രാപ്പിന്നിയിൽ കണ്ണംപുള്ളിപ്പുറം ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിനിടെ യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി സ്വദേശികളായ മുല്ലശ്ശേരി വീട്ടിൽ ആനന്ദ് ജ്യോതി റാം (35), നായിരുകുളത്തിൽ വീട്ടിൽ ജിതിൻ (38) എന്നിവരെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം ആറിന് രാത്രി കണ്ണംപുള്ളിപ്പുറം കുമാരമംഗലം ക്ഷേത്രത്തിലെ കാവടിയാട്ടത്തിനിടെ ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവന് സമീപം മുറ്റിച്ചൂർ വീട്ടിൽ അഖിലിനാണ് (32) കുത്തേറ്റത്. വയറ്റിലും പുറത്തും കുത്തും തലക്ക് വെട്ടുമേറ്റ അഖിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു.
മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കി. വലപ്പാട് ഇൻസ്പെക്ടർ കെ.എസ്. സുശാന്ത്, കയ്പമംഗലം എസ്.എച്ച്.ഒ കെ.എസ്. സുബീഷ് മോൻ, എസ്.ഐ പാട്രിക്, എ.എസ്.ഐ ഷാബു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.