കയ്പമംഗലം: ദേശീയപാത 66ന്റെ ഭാഗമായി നിർമിക്കുന്ന അശാസ്ത്രീയ കാന മൂലം വെള്ളക്കെട്ട് രൂക്ഷമാകുമെന്ന ഭീതിയിലാണ് ചെന്ത്രാപ്പിന്നി വില്ലേജ് നിവാസികൾ. വില്ലേജിന്റെ വടക്കു കിഴക്കുഭാഗം പാലപ്പെട്ടി മുതൽ ചെന്ത്രാപ്പിന്നി ഹൈസ്കൂൾ റോഡ് വരെ പ്രദേശത്ത് മഴക്കാലത്ത് വെള്ളക്കെട്ട് പതിവാണ്.
നിലവിൽ ശക്തമായ മഴ പെയ്താൽ, പപ്പടം കോളനി മുതൽ വില്ലേജ് ഓഫീസിന്റെ കിഴക്കുഭാഗം ഉൾപ്പെടെ പ്രദേശങ്ങളിൽ റോഡുകളിൽ ദിവസങ്ങളോളം വെള്ളം കെട്ടി നിൽക്കാറുണ്ട്. എടത്തിരുത്തി, വലപ്പാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണ്ണോടി തോടു മുതൽ പ്രദേശങ്ങളിൽ പെയ്യുന്ന മഴ വെള്ളം ഇട തോടുകളിലൂടെയൊഴുകി അറപ്പതോട്ടിൽ പ്രവേശിച്ച് കടലിൽ എത്തുകയാണ് പതിവ്.
ഈ തോടുകളെല്ലാം നിലവിൽ നാല് മീറ്റർ വീതിയും മൂന്നു മീറ്റർ ആഴവുമുള്ളതാണ്. എന്നിട്ടും വെള്ളക്കെട്ട് ഒഴിയാത്ത പ്രദേശത്താണ് അശാസ്ത്രീയമായി കാന നിർമിക്കുന്നത്.
1.16 സെന്റീമീറ്റർ വീതിയിലും ഒരു മീറ്റർ ആഴത്തിലുമാണ് റോഡിനോടനുബന്ധിച്ചുള്ള കാന നിർമിക്കുന്നത്. സമീപ പ്രദേശങ്ങളിൽ നിന്ന് കാനയിലേക്ക് വെള്ളം പോകാൻ ഇടക്കിടെ ദ്വാരങ്ങൾ നിർമിച്ചിട്ടുണ്ടെങ്കിലും അത് ഭൂനിരപ്പിൽ നിന്ന് 50 സെന്റീമീറ്റർ ഉയരത്തിലാണുളളത്.
എടമുട്ടം പാലപ്പെട്ടി മുതൽ വില്ലേജ് ഓഫീസിന്റെ മുൻവശം വരെ മൂന്നു പാലങ്ങളാണ് പണിയുന്നത്. വടക്കുഭാഗത്ത് മാമ്പുഴക്കഴയിലുള്ള പാലത്തിന്റെ കാനക്ക് അഞ്ച് മീറ്റർ വീതിയും, രണ്ട് മീറ്റർ ആഴവുമുണ്ട്. എന്നാൽ മണ്ണോടി തോടും , മാമ്പുഴക്കഴയും നമ്പ്രാട്ടി തോടിന്റെ കൈവഴിയിൽ വന്നുചേരുന്നിടത്തെ കാനയുടെ വീതി രണ്ട് മീറ്ററും ആഴം 1.2 മീറ്ററുമാണ്.
നിലവിൽ ഇവിടത്തെ റോഡിലുള്ള പഴയ കൽവർട്ടിനാകട്ടെ നാല് മീറ്റർ വീതിയും മൂന്ന് മീറ്റർ ആഴവുമുണ്ട്. അശാസ്ത്രീയ കാനനിർമാണം പൂർത്തിയാകുമ്പോൾ വെള്ളക്കെട്ടിന് തീവ്രത കൂടുമെന്ന ആശങ്കയാണ് പ്രദേശവാസികൾക്കുള്ളത്.
നിലവിൽ നിർമാണം നടക്കുന്ന കാനകളുടെ നിർദ്ദിഷ്ട ഭാഗങ്ങളിൽ വീതിയും, ആഴവും കൂട്ടിയാൽ പ്രശ്ന പരിഹാരമുണ്ടാക്കാമെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. ബന്ധപ്പെട്ട അധികൃതർ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.