കൊടകര: പരമ്പരാഗത കളിമണ്‍പാത്രനിര്‍മാണ തൊഴിലാളികള്‍ക്ക് പ്രതീക്ഷയേകി ആധുനിക രീതിയിലുള്ള മണ്‍പാത്രനിര്‍മ്മാണ ശാലയൊരുങ്ങുന്നു. സംസ്ഥാന പിന്നോക്ക വിഭാഗ വകുപ്പ് ഒരു കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന അടിസ്ഥാന വികസന പദ്ധതിയുടെ ഭാഗമായാണ് കൊടകര കുംഭാരക്കോളനിയില്‍ മണ്‍പാത്ര നിര്‍മ്മാണത്തിനായി പണിശാലയൊരുങ്ങുന്നത്.
തകര്‍ച്ചാ ഭീഷണി നേരിടുന്ന പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ മേഖലയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടാണ് സംസ്ഥാന പിന്നോക്ക വിഭാഗ വകുപ്പും കൊടകര ഗ്രാമപഞ്ചായത്തും ചേര്‍ന്ന് കൊടകര കുംഭാര കോളനിയില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതി നടപ്പാക്കുന്നത്. കളിമണ്‍പാത്രങ്ങള്‍ നിര്‍മ്മിച്ച് ഉപജീവനം നടത്തി വന്നിരുന്ന നൂറിലേറെ കുടുംബങ്ങളാണ് കൊടകര പഞ്ചായത്തിലെ രണ്ട്, മൂന്ന് വാര്‍ഡുകളിലായുള്ള കുംഭാരക്കോളനിയിലുള്ളത്.
അരനൂറ്റാണ്ട് മുമ്പ് ഖാദി ഗ്രാമവ്യവസായ ബോര്‍ഡിെൻറ സഹകരണത്തോടെ കോളനിയില്‍ സ്ഥാപിച്ച മണ്‍പാത്ര നിര്‍മ്മാണ തൊളിലാളി സഹകരണ സംഘത്തിെൻറ പണിശാലയിലിരുന്നാണ് ഇവിടത്തെ കുടുംബങ്ങള്‍ പണി ചെയ്തുപോന്നിരുന്നത്. അലൂമിനിയം -സ്റ്റീല്‍- പ്ലാസ്റ്റിക് പാത്രങ്ങള്‍ വിപണി കീഴടക്കുകയും മണ്‍പാത്രങ്ങള്‍ അടുക്കളയില്‍ നിന്ന് പുറംതള്ളപ്പെടുകയും ചെയ്തതോടെ മണ്‍പാത്ര നിര്‍മ്മാണ മേഖല പ്രതിസന്ധിയിലായി.
സഹകരണ സംഘത്തിെൻറ പ്രവര്‍ത്തനം നിലക്കുകയും പണിശാല ജീര്‍ണിച്ചു നശിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പലരും കുലതൊഴിലുപേക്ഷിച്ച് മറ്റ് പണികൾ തേടിപോയി. എന്നാൽ, ഇപ്പോൾ മണ്‍പാത്രങ്ങൾക്ക് ആവശ്യം വർധിക്കുന്നുണ്ട്. ചെടിച്ചട്ടികളുടെ വന്‍തോതിലുള്ള ആവശ്യകതയും മണ്‍പാത്ര നിര്‍മ്മാണ മേഖലക്ക് ഉണര്‍വ്വ് പകരുന്നുണ്ട്.
കോവിഡ് പ്രതിസന്ധി വന്നപ്പോള്‍ മറ്റ് തൊഴിലുകള്‍ നഷ്ടപ്പെടുകയും ചിലരെങ്കിലും പരമ്പരാഗത കൈത്തൊഴിലായ മണ്‍പാത്ര നിര്‍മ്മാണത്തിലേക്ക് മടങ്ങുകയും ചെയ്തു. അസംസ്്കൃത വസ്തുക്കളുടെ ദൗര്‍ലഭ്യവും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുമാണ് ഇവരെ അലട്ടുന്ന പ്രധാന പ്രശ്‌നം. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് കൊടകര പഞ്ചായത്ത് മുന്‍കൈയെടുത്ത് പിന്നോക്ക വിഭാഗ വകുപ്പിെൻറ സഹായത്തോടെ കോളനിയില്‍ അടിസ്ഥാന വികസന പദ്ധതി നടപ്പാക്കിയത്.
കോളനിയില്‍ മണ്‍പാത്ര നിര്‍മ്മാണം നടത്തുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതാണ് പദ്ധതിയിലെ പ്രധാന പ്രവര്‍ത്തനം. ഇതനുസരിച്ച് കളിമണ്ണ് അരക്കുന്നതിനുള്ള പക്ക മില്ല് സ്ഥാപിച്ചു കഴിഞ്ഞു. ഉണ്ടാക്കുന്ന മണ്‍പാത്രങ്ങള്‍ ചുട്ടെടുക്കുന്നതിനായി വലിയ ചൂളയും ഓഫീസ് കെട്ടിടവും ഇതോടനുബന്ധിച്ച് നിര്‍മ്മിച്ചിട്ടുണ്ട്. അവസാന ഘട്ടത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടി വന്നെങ്കിലും ലോക്ക് ഡൗണ്‍ നീങ്ങുന്നതോടെ പണികള്‍ പൂര്‍ത്തീകരിച്ച് മണ്‍പാത്ര നിര്‍മ്മാണം ആരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോളനിയിലെ കുടുംബങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.