കൊടകര: യുക്രെയ്നില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിയായ കൊടുങ്ങ സ്വദേശി ആകാശ്ബാബു സുരക്ഷിതനായി മടങ്ങിയെത്തിയതോടെ വെള്ളിക്കുളങ്ങര കൊടുങ്ങയിലെ എടത്താടന്‍ വീട്ടില്‍ ആശങ്കകളുടെ കാര്‍മേഘം ഒഴിഞ്ഞു. ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഉദ്യോഗസ്ഥനായ ബാബുവിന്‍റെയും ഇന്ദുവിന്‍റെയും മകനാണ് ആകാശ്. യുക്രയ്നിലെ ഇവാനോ ഫ്രാങ്കിവിസ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലെ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയാണ്. റഷ്യ-യുക്രയ്ന്‍ യുദ്ധം ആരംഭിച്ചതു മുതല്‍ കുടുംബം ഭയാശങ്കായിലായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും ആകാശ് സുരക്ഷിതനായി മടങ്ങിയെത്താനുള്ള പ്രാർഥനയിലായിരുന്നു. ബുധനാഴ്ച രാത്രിയാണ് ആകാശ് വീട്ടിലെത്തിയത്.
ഒരുവശത്ത് യുദ്ധം കൊടുമ്പിരികൊള്ളുമ്പോള്‍ താൻ താമസിച്ചിരുന്ന പടിഞ്ഞാറന്‍ യുക്രെയ്ന്‍ താരതമ്യേന ശാന്തമായിരുന്നുവെന്ന് ആകാശ് പറയുന്നു. ബങ്കറുകളില്‍ കഴിയേണ്ടി വന്നില്ല എന്നതുതന്നെ വലിയ ആശ്വസമായി. റുമേനിയന്‍ അതിര്‍ത്തിയില്‍നിന്ന് ഏറെ അകലെയല്ലാതിരുന്നത് പെട്ടെന്ന് അതിര്‍ത്തി കടക്കാന്‍ സഹായകമായി. ഇന്ത്യന്‍ പതാകയേന്തിയ ബസില്‍ അഞ്ച് മണിക്കൂറോളം യാത്ര ചെയ്തു. അതിര്‍ത്തിയില്‍ കൂട്ടമായി ആളുകളെത്തിയതോടെ തിരക്കു നിയന്ത്രിക്കാന്‍ റുമേനിയന്‍ പട്ടാളം ആകാശത്തേക്ക് വെടിവെച്ചത് മാത്രമാണ് അല്‍പം ആശങ്കയായത്. മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വന്നെങ്കിലും തിരിച്ചെത്താനായതിന്‍റെ ആശ്വാസം ആകാശിന്‍റെ വാക്കുകളില്‍ നിറഞ്ഞു.
അതിര്‍ത്തി കടന്നതോടെ ആശങ്കകളെല്ലാം മറികടന്നു. ബുധനാഴ്ച രാത്രി 8.30ന് നെടുമ്പാശ്ശേരിയിലെത്തി. ഏറെ വൈകാതെ വീട്ടിലെത്തി. മാർച്ച് 12 മുതല്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുമെന്നാണ് യൂനിവേഴ്‌സിറ്റിയില്‍നിന്നുള്ള അറിയിപ്പെന്ന് ആകാശ് പറഞ്ഞു. യുദ്ധം എത്രയും വേഗം അവസാനിക്കുകയും ഏറെ വൈകാതെ യൂനിവേഴ്‌സിറ്റിയിലേക്ക് മടങ്ങാനാകുമെന്നും ആകാശ് പ്രതീക്ഷിക്കുന്നു.
ഇതേ യൂനിവേഴ്‌സിറ്റിയില്‍ തന്നെ പഠിക്കുന്ന കടമ്പോട് സ്വദേശികളായ സഹോദരങ്ങളും വ്യാഴാഴ്ച നാട്ടിലെത്തി. കടമ്പോട് തയ്യില്‍ സത്യന്‍റെ മക്കളായ അശ്വിന്‍, അനസൂയ എന്നിവരാണ് വ്യാഴാഴ്ചയോടെ തിരിച്ചെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.