മൂപ്പു കുറഞ്ഞ അടയ്ക്ക (പങ്ങ) പൊളിച്ചെടുക്കുന്ന തൊഴിലാളികള്‍ (ഫയല്‍ ചിത്രം)

കവുങ്ങുകൃഷി മലയോരത്ത് നിന്ന്​ പടിയിറങ്ങുന്നു

കൊടകര: ഒരു കാലത്ത് മലയോരത്തെ പ്രധാന കൃഷികളിലൊന്നായിരുന്ന കവുങ്ങുകൃഷി ഓര്‍മ്മയിലേക്ക് മറയുന്നു. നെല്‍പ്പാടങ്ങളും തെങ്ങും കവുങ്ങും ഇടകലര്‍ന്നു വളര്‍ന്ന് നിന്നിരുന്ന പറമ്പുകൾ നിറഞ്ഞ  ഗ്രാമക്കാഴ്ചകള്‍ ഇന്നില്ല. മണ്ഡരിയും കാറ്റുവീഴ്ചയും തെങ്ങുകൃഷിയെ പ്രതികൂലമായി ബാധിച്ചപ്പോള്‍ മഞ്ഞളിപ്പുരോഗമാണ് കവുങ്ങുകളെ ഇല്ലാതാക്കിയത്.

കേടുബാധിച്ച് കവുങ്ങുകള്‍ വ്യാപകമായി നശിച്ചപ്പോള്‍ കൂടുതല്‍ വരുമാനം നല്‍കുന്ന ജാതികൃഷിയിലേക്ക് കര്‍ഷകര്‍ തിരിഞ്ഞു. തലയെടുപ്പോടെ കാറ്റിലുലഞ്ഞുനിന്നിരുന്ന കവുങ്ങുകള്‍  ഇപ്പോള്‍ ഗ്രാമങ്ങളിലെ  അപൂര്‍വ്വ കാഴ്ചകളായി മാറികഴിഞ്ഞു. ഒരു കാലത്ത് കളിയടക്ക നിര്‍മ്മാണത്തിന് പേരുകേട്ട സ്ഥലമായിരുന്നു മറ്റത്തൂര്‍. ലക്ഷക്കണത്തിന് അടക്കാമരങ്ങള്‍ ഈ മേഖലയിലുണ്ടായിരുന്ന അക്കാലത്ത്  നിരവധി കളിയടക്ക നിര്‍മ്മാണകേന്ദ്രങ്ങള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. വെള്ളിക്കുളങ്ങര, കിഴക്കേ കോടാലി, മുരിക്കുങ്ങല്‍, ചുങ്കാല്‍, മറ്റത്തൂര്‍കുന്ന് എന്നിവിടങ്ങളിലാണ് അടയ്ക്കാപന്തലുകള്‍ എന്ന പേരില്‍  അറിയപ്പെട്ടിരുന്ന കളിയടക്ക നിര്‍മ്മാണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്.

പങ്ങ എന്ന പേരില്‍ വിളിക്കുന്ന മൂപ്പെത്താത്ത അടക്ക വെട്ടാനും ഇവ കളി ചേര്‍ത്ത്  സംസ്‌കരിച്ച് ഉണക്കിയെടുക്കുന്നതിനുമായി ഈ അടക്കാപന്തലുകളില്‍ ഒട്ടേറെ പേര്‍ ജോലിചെയ്തിരുന്നു. ഇതു കൂടാതെ കവുങ്ങുകളില്‍ കയറി അടക്കാക്കുലകള്‍ പറിച്ചെടുക്കുന്നതില്‍ വിദഗ്ദരായ ഒട്ടേറെ തൊഴിലാളികളും മലയോരത്ത് ഉണ്ടായിരുന്നു. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ വിളഞ്ഞ അടക്കകളാണ് കവുങ്ങില്‍ നിന്ന് ശേഖരിക്കുന്നതെങ്കില്‍ മലയോര മേഖലയില്‍  മൂപ്പെത്തും മുമ്പാണ് കര്‍ഷകര്‍ അടക്ക പറിച്ചെടുക്കാറുള്ളത്. പങ്ങ്യ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. മലഞ്ചരക്ക് കടകളിലും കളിയടക്ക നിര്‍മ്മാണശാലകളായ   അടക്കാപന്തലുകളിലുമാണ് പങ്ങ്യ വില്‍പ്പനക്കെത്തിച്ചിരുന്നത്. പങ്ങ്യവലിക്കാനും അത് വട്ടം കൂടിയിരുന്ന് പൊളിച്ചെടുക്കാനും  വൈദഗ്ദ്യം നേടിയ തൊഴിലാളികള്‍ ഈ മേഖലയില്‍ ഉണ്ടായിരുന്നു.

കന്നി മുതല്‍ വൃശ്ചികം വരെയുള്ള മാസങ്ങളിലായിരുന്നു പങ്ങ്യ പറിച്ചെടുക്കുന്നത്. കവുങ്ങിന്‍തോപ്പുകളില്‍ നാലോ അഞ്ചോ തൊഴിലാളികള്‍ വട്ടം കൂടി ചമ്രം പടിഞ്ഞിരുന്ന് പങ്ങ്യ പൊളിച്ചെടുക്കുന്നത് ഒരു കാലത്ത് നാട്ടിന്‍പുറങ്ങളിലെ പതിവുകാഴ്ചയായിരുന്നു. ഇപ്പോള്‍ ഇത് അപൂര്‍വ്വ കാഴ്ചയായി. കവുങ്ങുകള്‍ക്ക്  വ്യാപകമായി മഞ്ഞളിപ്പുരോഗവും  മറ്റു കുമിള്‍രോഗങ്ങളും ബാധിച്ചതോടെ  ഇവ വെട്ടിനീക്കപ്പെട്ടു.

പുതിയതായി കവുങ്ങിന്‍തൈ പടിപ്പിക്കുന്നവരുടെ എണ്ണം തീരെ കുറവായിട്ടുണ്ട്. നല്ല വരുമാനം നല്‍കുന്ന ജാതികൃഷിയോടാണ് മലയോരത്തെ കര്‍ഷകര്‍ക്ക് ഇപ്പോള്‍ പ്രിയം. കവുങ്ങിന്‍തോട്ടങ്ങള്‍ കുറഞ്ഞതോടെ  ഇതുമായി ബന്ധപ്പെട്ട  പണികള്‍ പരമ്പരാഗമായി ചെയ്തുപോന്ന തൊഴിലാളികള്‍ മറ്റ് തൊഴില്‍മേഖലയിലേക്ക് തിരിഞ്ഞു. തെങ്ങിന്‍തോപ്പുകളിലെ ഇടവിളയായിരുന്ന കവുങ്ങ് കൃഷിയുടെ സ്ഥാനത്ത് ജാതികൃഷിയാണ് ഇപ്പോള്‍ വ്യാപകമായിട്ടുള്ളത്. അപൂര്‍വ്വം ചില കര്‍ഷകര്‍ മാത്രമാണ് ഇപ്പോള്‍ കവുങ്ങുകൃഷിചെയ്യുന്നത്.

Tags:    
News Summary - Areca palm farm descends from hillside

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.