കൊടകര: കുന്നിന്മുകളിലെ സ്വകാര്യ പറമ്പില്‍നിന്ന് ഏതു നിമിഷവും വലിയ പാറക്കല്ലുകള്‍ വീടുകള്‍ക്കുമേല്‍ പതിക്കുമെന്ന ഭീതിയിലാണ് കോടാലി മുരുക്കുങ്ങല്‍ പ്രദേശത്തെ എട്ട് കുടുംബങ്ങള്‍.
വീഴാറായ പാറക്കല്ലുകള്‍ ഇവരുടെ ഉറക്കം കെടുത്തുന്നു. മറ്റത്തൂര്‍ പഞ്ചായത്തിലെ മുരുക്കുങ്ങല്‍-താളൂപ്പാടം റോഡരികിലുള്ള ഐ.എച്ച്.ഡി.പി കോളനിയിലെ കുടുംബങ്ങള്‍ക്കാണ് തൊട്ടടുത്തുള്ള കുന്നിന്മുകളിലെ പറമ്പിലെ പാറക്കല്ലുകള്‍ ഭീഷണിയായിരിക്കുന്നത്.
കുന്നിന്മുകളിലെ സ്വകാര്യപറമ്പില്നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ മണ്ണെടുപ്പ് നടത്തിയതിനെ തുടര്‍ന്നാണ് പാറകള്‍ ഇളകി പുറത്തുകാണാവുന്ന നിലയില്‍ നില്‍ക്കുന്നത്. ചെറുതും വലുതുമായ പതിനഞ്ചോളം പാറക്കല്ലുകള്‍ ഇവിടെയുണ്ട്. കുന്നിന് ചരിവിലുള്ള വീടുകളിൽ കഴിയുന്നവരുടെ ജീവന് ഭീഷണിയായിരിക്കുകയാണ് പാറകള്‍.
ബുധനാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ മഴയെത്തുടര്‍ന്ന് മണ്ണിളകി ഇവയില്‍ ഒരെണ്ണം തൊട്ടു താഴെയുള്ള വീടിനു മേല്‍ പതിച്ചു. ആറടിയോളം ഉയരമുള്ള വലിയ പാറക്കല്ലാണ് ഇങ്ങനെ വീടിനു മുകളിലേക്ക് ഉരുണ്ടു വീണത്. ഈ സമയത്ത് വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ ദുരന്തം വഴിമാറിയെങ്കിലും അടുക്കളഭാഗം പൂര്‍ണമായി തകര്‍ന്നു. ഇനിയും ഇത്തരത്തിലുള്ള ദുരന്തം ആവര്‍ത്തിക്കുമെന്നാണ് കുന്നിന്‍ചരിവിലെ വീടുകളിലുള്ളവര്‍ ഭയക്കുന്നത്. പാറക്കല്ലുകള്‍ നിറഞ്ഞ പറമ്പിന്റെ താഴ്വാരത്ത് അംഗന്‍വാടിയും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.