കൊടകര: ചെമ്പുചിറ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിട നിര്‍മാണത്തില്‍ വലിയ അഴിമതിയും കൃത്രിമവും നടന്നിട്ടുണ്ടെന്നും ഇതില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.
സ്‌കൂളിൽ പൊളിച്ചുനീക്കുന്ന ക്ലാസ് മുറികള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം നേതാക്കള്‍ ഉള്‍പ്പെട്ട അഴിമതി ഇതിന് പിന്നിലുണ്ട്. അവരുടെ പേരുകള്‍ പുറത്തുവരാതിരിക്കാനാണ് കേസെടുക്കാത്തത്. ഉദ്യോഗസ്ഥരും ഇതിനു കൂട്ടുനിന്നിട്ടുണ്ട്. പാലാരിവട്ടം പാലത്തെക്കുറിച്ച് ഒച്ചപ്പാടുണ്ടാക്കിയവർ ഇപ്പോള്‍ മൗനം അവലംബിക്കുന്നത് എന്താണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിയോടും പൊതുമരാമത്ത് മന്ത്രിയോടും ആവശ്യപ്പെടും.
നടപടി ഉണ്ടായില്ലെങ്കില്‍ യു.ഡി.എഫ് നിയമവഴികള്‍ ആരായും. കെട്ടിടം പണികഴിഞ്ഞ ശേഷം പൊളിച്ചുമാറ്റിയതുകൊണ്ടോ കരാറുകാര്‍ക്ക് പണം നല്‍കിയില്ലെന്ന് ന്യായീകരിച്ചതുകൊണ്ടോ പ്രശ്‌നം തീരില്ല. അങ്ങനെയെങ്കില്‍ പാലാരിവട്ടം പാലത്തിന്‍റെ കാര്യത്തിലും അത് മതിയായിരുന്നല്ലോ. പൊതുമരാമത്ത് മന്ത്രിയുടെ പേരില്‍ കേസെടുക്കേണ്ട കാര്യമുണ്ടായിരുന്നോ?
കരാറുകാരുടെ തലയില്‍വെച്ച് കിഫ്ബി ഉദ്യോഗസ്ഥര്‍ രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. കെട്ടിടത്തിന് ബലക്ഷയമില്ലെന്ന് പറഞ്ഞ് ക്ലാസ് നടത്താനായിരുന്നു നീക്കം. അങ്ങനെ നടന്നിരുന്നെങ്കില്‍ കുട്ടികള്‍ അപകടത്തില്‍പെടുമായിരുന്നു. ക്ലാസ് മുറികള്‍ പൊളിച്ചുനീക്കിയെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഒരാള്‍ക്കെതിരെ പോലും കേസെടുത്തിട്ടില്ല. സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ കേസെടുക്കാത്തത് അദ്ഭുതകരമാണ്. കേട്ടുകള്‍വിയില്ലാത്ത തരത്തിലുള്ള അഴിമതിയാണ് ചെമ്പുചിറ സര്‍ക്കാര്‍ സ്‌കൂളിലെ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂര്‍, സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ, കെ.പി.സി.സി സെക്രട്ടറി സുനില്‍ അന്തിക്കാട്, ജോസഫ് ചാലിശ്ശേരി ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ടി.എം. ചന്ദ്രന്‍, കെ. ഗോപാലകൃഷ്ണന്‍, സെബി കൊടിയന്‍, മറ്റത്തൂര്‍ മണ്ഡലം പ്രസിഡന്‍റ് പ്രവീണ്‍ എം. കുമാര്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് ലിന്റോ പള്ളിപ്പറമ്പന്‍ തുടങ്ങിയവര്‍ പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.