കൊടകര: ഉറങ്ങിക്കിടന്ന ഗൃഹനാഥനെ അര്‍ധരാത്രിയില്‍ വീടിന്റെ വാതില്‍ ചവിട്ടിത്തുറന്ന് മർദിച്ചവശനാക്കുകയും ബലമായി വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റിക്കെണ്ടുപോകുകയും ചെയ്ത വനപാലകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യുവതി വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കൊടുങ്ങ ചീരക്കാട് മഞ്ഞപ്പിള്ളില്‍ വീട്ടില്‍ മരിയ വിഷ്ണുവാണ് തന്റെ ഭര്‍ത്താവിനെ വനപാലകര്‍ നിയമവിരുദ്ധമായ രീതിയില്‍ അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ച് കടന്ന് പിടിച്ചുകൊണ്ടുപോയതായി പരാതിപ്പെട്ടത്. ഇതുസംബന്ധിച്ച് കലക്ടര്‍ക്ക് പരാതി നല്‍കിയതായി യുവതി പറഞ്ഞു. ഈ മാസം 15ന് പുലര്‍ച്ച ഒന്നരയോടെയാണ് നാലുപേര്‍ വീടിന്റെ വാതില്‍ തല്ലിത്തകര്‍ത്ത് അകത്തുകടന്ന് കുഞ്ഞുങ്ങളോടൊപ്പം കിടന്ന ഭര്‍ത്താവ് വിഷ്ണുവിനെ ബലമായി പിടിച്ചിറക്കി കൊണ്ടുപോയതെന്ന് മരിയ പറഞ്ഞു.
നിങ്ങളാരെന്ന് ചോദിച്ചപ്പോള്‍ തന്നെ അസഭ്യം പറയുകയും ശരീരത്തില്‍ പിടിച്ചുവലിക്കുകയും ചെയ്തതായി മരിയ ആരോപിച്ചു. സഹായത്തിനായി അടുത്ത വീട്ടിലുള്ളവരെ വിളിച്ചുണര്‍ത്തുകയും അവര്‍ ചോദിച്ചപ്പോള്‍ തങ്ങള്‍ വനപാലകരാണെന്ന് നാലംഗ സംഘം പറയുകയും ചെയ്തു.
എന്താണ് കാര്യമെന്ന് ചോദിച്ചതിന് അത് നാളെ പത്രത്തിൽ കാണാമെന്നാണ് മറുപടി കിട്ടിയതെന്നും ഇവർ പറഞ്ഞു. വെള്ളിക്കുളങ്ങര പൊലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വനപാലകര്‍തന്നെയാണ് ഭര്‍ത്താവിനെ കൊണ്ടുപോയതെന്ന് സ്ഥിരീകരിച്ചത്.
യൂനിഫോമില്ലാതെ രാത്രിയില്‍ തന്റെ വീട്ടിലെത്തി വാതില്‍ തകര്‍ക്കുകയും അസഭ്യം പറയുകയും പിഞ്ചുകുഞ്ഞുങ്ങളെ ഭയപ്പെടുത്തി ഭര്‍ത്താവിനെ മര്‍ദിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുകയും ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മരിയ വിഷ്ണു ആവശ്യപ്പെട്ടു. ബന്ധുവായ കെ.പി. ബിനുവും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.