കൊടകര: മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലിനു കുറുകെ കടമ്പോട് പ്രദേശത്ത് നിര്‍മിച്ചിട്ടുള്ള Concrete footbridgeഅപകടാവസ്ഥയിലായി. പാലത്തെ താങ്ങിനിർത്തുന്ന കരിങ്കൽക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്നാണ് പാലം ദുര്‍ബലാവസ്ഥയിലായത്. ചാലക്കുടി ഇറിഗേഷന്‍ പദ്ധതിയിലെ വലതുകര മെയിന്‍കനാലിന്റെ ശാഖയായ മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലിന് കുറുകെയാണ് കോണ്‍ക്രീറ്റ് നടപ്പാലമുള്ളത്. പ്രദേശവാസികള്‍ക്ക് കനാൽ മുറിച്ചുകടക്കാൻ നിര്‍മിക്കപ്പെട്ടതാണ് പാലം.
1956ല്‍ മറ്റത്തൂര്‍ കനാല്‍ പണികഴിപ്പിച്ചപ്പോഴാണ് പാലവും നിര്‍മിച്ചത്. മാരാങ്കോട് മുതല്‍ മറ്റത്തൂര്‍ പടിഞ്ഞാറ്റുമുറി വരെ 19 കിലോമീറ്ററോളം നീളമുള്ള മറ്റത്തൂര്‍ കനാലിനു കുറുകെ ഇത്തരത്തിൽ പത്തിലേറെ നടപ്പാലങ്ങളുണ്ട്. കടമ്പോടുള്ള കോണ്‍ക്രീറ്റ് നടപ്പാലത്തിന്റെ ഒരു ഭാഗത്തെ കരിങ്കൽക്കെട്ട് തകര്‍ന്നത് സമീപത്തെ വീടുകള്‍ക്കും ഭീഷണിയായിട്ടുണ്ട്. കരിങ്കൽക്കെട്ട് തകര്‍ന്നതോടെ ബണ്ട് ദുര്‍ബലമായി ഇടിയാന്‍ സാധ്യതയുള്ളതാണ് സമീപവാസികളുടെ വലിയ ആശങ്ക. മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന കനാലിന്റെ ബണ്ട് ദുര്‍ബലമായ ഭാഗത്ത് പൊട്ടാനിടയായാല്‍ വെള്ളം വീടുകളിലേക്ക് കുത്തിയൊഴുകി നാശനഷ്ടങ്ങള്‍ സംഭവിക്കുമെന്നാണ് കനാലോരത്തുള്ള കുടുംബങ്ങളുടെ ആശങ്ക. മഴക്കാലത്തിനു മുമ്പേ തകര്‍ന്ന കരിങ്കൽക്കെട്ട് പുനര്‍നിര്‍മിച്ച് ബണ്ടും പാലവും സുരക്ഷിതമാക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.