കൊടകര: കുറുമാലി പുഴയിലെ മറ്റത്തൂര്‍ ആറ്റപ്പിള്ളിയിലുള്ള കുളിക്കടവില്‍ മുങ്ങി മരണം വര്‍ധിക്കുന്നു. മൂന്നുവര്‍ഷത്തിനിടെ മൂന്നുപേരാണ് ഇവിടെ ഒഴുക്കില്‍ പെട്ട് മരിച്ചത്. കല്ലേറ്റുങ്കര സ്വദേശിനിയായ 14 കാരി ഞായറാഴ്ച കാല്‍വഴുതി വീണ് മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
മറ്റത്തൂര്‍ കാവനാട് ശുദ്ധജലപദ്ധതിയുടെ ആറ്റപ്പിള്ളിയിലുള്ള പമ്പ് ഹൗസിനു സമീപത്താണ് കടവ് ഉള്ളത്. ഇവിടെ നിന്ന് അമ്പതുമീറ്ററോളം മാത്രം താഴെയാണ് ആറ്റപ്പിള്ളി റഗുലേറ്റര്‍ കം ബ്രിഡ്ജ്. അതിനാല്‍ തന്നെ കടവിനോടു ചേര്‍ന്നുള്ള ഭാഗത്ത് ആഴം കൂടുതലാണ്. ശക്തമായ അടിയൊഴുക്കും ഇവിടെ ഉണ്ട്. കടവില്‍ പുഴയിലേക്ക് ഇറങ്ങാനായി 12 ഓളം പടവുകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും കൈവരികളോ മറ്റ് സുരക്ഷ സംവിധാനങ്ങളോ ഇവിടെ ഇല്ല.
കടവും പരിസരവും ശാന്തമായ സ്ഥലമായതിനാല്‍ ധാരാളം പേര് ഇവിടെ വന്നിരിക്കാറുണ്ട്. വേനല്‍ക്കാലത്ത് ചൂടില്‍ നിന്ന് ആശ്വാസം തേടി ദൂര സ്ഥലങ്ങളില്‍ നിന്ന് ആറ്റപ്പിള്ളി കടവില്‍ എത്തുന്നവരും ഉണ്ട്. കടവിലെ പടവുകളിലിറങ്ങുന്നവര്ക്ക് ചെറിയ അശ്രദ്ധയുണ്ടായാല് പോലും കാല്‍വഴുതി പുഴയിലെ ആഴമുള്ള ഭാഗത്തേക്ക് വീഴും.
അടുത്തകാലത്ത് ഇവിടെ നടന്ന മരണങ്ങളെല്ലാം തന്നെ ഇത്തരത്തിലുള്ളതാണ്. അപകട മരണങ്ങള് ആവര്‍ത്തിക്കാതിരിക്കാന്‍ ആറ്റപ്പിള്ളികടവിലെ പടവുകളുടെ വശങ്ങളില് സുരക്ഷ വേലിയും മുന്നറിയിപ്പു ബോര്‍ഡും എത്രയും വേഗം സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.