കൊടകര: 102ാം വയസ്സിലും രോഗങ്ങളെ അകറ്റിനിര്‍ത്തി ഊര്‍ജസ്വലനാകാന്‍ കഴിയുന്നത് എങ്ങനെ എന്നു ചോദിച്ചാല്‍ വെള്ളിക്കുളങ്ങര പോത്തന്‍ചിറ സ്വദേശി നെറ്റിക്കാടന് വര്‍ക്കിക്ക് ഒരു ഉത്തരമേ ഉള്ളൂ, ലഹരി വിമുക്തമാണ് ജീവിതം.
മദ്യപാനവും പുകവലിയും ജീവിതത്തില്‍നിന്ന് അകറ്റിനിര്‍ത്തിയതാണ് രോഗങ്ങള്‍ക്ക് പിടികൊടുക്കാതെ 102ന്റെ നിറവില്‍ ആരോഗ്യത്തോടെ ജീവിക്കാന്‍ കഴിയുന്നതെന്ന് ഈ വയോധികന് പറയുന്നു. മിതമായ ഭക്ഷണരീതിയും ചിട്ടയായ ജീവിതചര്യകളും വര്‍ക്കിയുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ പങ്കുണ്ട്. കാരണമേലൂരിലെ കര്‍ഷക കുടുംബത്തിലാണ് വര്‍ക്കിയുടെ ജനനം. ഏഴ് സഹോദരങ്ങളുണ്ടായിരുന്നു.
ഏഴാം ക്ലാസ് വരെയാണ് പഠിച്ചത്. പിന്നീട് പിതാവിനൊപ്പം കൃഷിപ്പണികളില്‍ സജീവമായി. പുല്‍ത്തൈലം വാറ്റിയെടുക്കാനുള്ള ഇഞ്ചിപ്പുല്‍ കൃഷിയാണ് അന്ന് പ്രധാനമായും ചെയ്തിരുന്നത്. അടിച്ചിലി, മൂക്കന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ കുന്നിന്‍പ്രദേശത്തായിരുന്നു ഇഞ്ചിപ്പുല്ല് കൃഷി ചെയ്തിരുന്നത്.
പണിക്കാരോടൊപ്പം വര്‍ക്കി കൃഷിപ്പണികളില്‍ പങ്കുചേരും. കൊച്ചി - തിരുവിതാംകൂര്‍ രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശമായിരുന്നതിനാല് അക്കാലത്ത് പുകയില, ഉപ്പ് തുടങ്ങിയവ ഉപയോഗിക്കുന്നതില്‍ നിയന്ത്രണമുണ്ടായിരുന്നതായി വർക്കി ഓര്‍ക്കുന്നു.
വിവാഹിതനായ ശേഷമാണ് മേലൂരില്‍നിന്ന് മറ്റത്തൂര്‍ പഞ്ചായത്തിന്റെ കിഴക്കൻ മലയോര ഗ്രാമമായ പോത്തന്ചിറയിലേക്ക് കുടുംബസമേതം എത്തിയത്. റബര്‍ അടക്കമുള്ള കൃഷിയിലൂടെ ഇവിടെ ജീവിതം കെട്ടിപ്പടുത്തു. മൂന്ന് ആണ്മക്കളും മകളുമാണുള്ളത്. ഭാര്യ ത്രേസ്യക്കുട്ടി രണ്ടുമാസം മുമ്പാണ് 90ാം വയസ്സില്‍ മരണപ്പെട്ടത്.
102 വയസ്സിനിടയില്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്നത് രണ്ടു ദിവസം മാത്രമാണ്. അടുത്തകാലം വരെ ഞായറാഴ്ചകളില്‍ മുടങ്ങാതെ കൊടുങ്ങയിലെ ഇടവക പള്ളി വരെ നടന്നുപോയി കുര്‍ബാനയില്‍ സംബന്ധിക്കുമായിരുന്നു. ലഹരിക്കടിമപ്പെട്ട് സ്വയം നശിക്കുന്നവര്‍ക്കുള്ള സന്ദേശമാണ് വര്‍ക്കിയുടെ ജീവിതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.