കൊടകര: അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങണമെന്ന സ്വപ്നം നീണ്ട പത്തുവര്‍ഷത്തിനു ശേഷമാണെങ്കിലും സാക്ഷാത്കരിച്ചതിന്റെ നിര്‍വൃതിയിലാണ് വയോധികയായ സുശീല. പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതി പ്രകാരം കൊടകര ബ്ലോക്ക് പഞ്ചായത്ത് മുഖേന അനുവദിച്ചുകിട്ടിയ വീടിന്‍റെ താക്കോല്‍ കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എയില്‍നിന്ന് ഏറ്റുവാങ്ങിയപ്പോള്‍ സുശീലയുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞുതുളുമ്പി.
മറ്റത്തൂര്‍ പഞ്ചായത്തിലെ പെരുമ്പിള്ളിച്ചിറയിലെ ചിന്നങ്ങത്ത് വീട്ടില്‍ പരതേനായ രവിയുടെ ഭാര്യ സുശീല അടച്ചുറപ്പുള്ളൊരു വീടിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷം പത്തായി. നേരത്തെ ഇവര്‍ താമസിച്ചിരുന്ന വീട് കാറ്റില്‍ മരം വീണ് തകര്‍ന്നതിനു ശേഷം ഓലക്കുടിലിലാണ് കഴിഞ്ഞിരുന്നത്. വീട് അനുവദിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ ഉള്ളതെല്ലാം വിറ്റുപെറുക്കി പത്ത് വര്‍ഷം മുമ്പ് ഇവര്‍ വീടിനായി തറനിർമാണം പൂര്‍ത്തിയാക്കിയിരുന്നു.
വീടിനുവേണ്ടിയുള്ള അപേക്ഷയുമായി 2012 മുതല്‍ നിരന്തരം ഇവര്‍ സർക്കാർ ഓഫിസുകൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. അര്‍ഹരായവരുടെ ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെട്ടെങ്കിലും വീട് അനുവദിക്കുന്നത് അനിശ്ചിതമായി നീണ്ടുപോകുകയായിരുന്നു.
കാട്ടുപന്നികള്‍ വിഹരിക്കുന്ന പ്രദേശമായതിനാല്‍ അടച്ചുറപ്പില്ലാത്ത കുടിലില്‍ ഭീതിയോടെയാണ് ഇവര്‍ കഴിഞ്ഞുപോന്നത്. ഇഴജന്തുക്കളുടെ ശല്യം കൂടി വന്നപ്പോള്‍ അന്തിയുറക്കം അയല്‍വീട്ടിലേക്ക് മാറ്റി. ഇവരുടെ ദുരിതം കേട്ടറിഞ്ഞ മനുഷ്യാവകാശ പ്രവര്‍ത്തകൻ മുപ്ലിയം സ്വദേശി കെ.ജി. രവീന്ദ്രനാഥിന്‍റെ സഹായത്തോടെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവര്‍ക്ക് സുശീല അപേക്ഷ നല്‍കിയിരുന്നു.
ഇത് പരിഗണിച്ച പഞ്ചായത്ത് ഡയറക്ടര്‍ ഇവര്‍ക്ക് എത്രയും വേഗം വീട് അനുവദിക്കണമെന്ന് നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് 2021-22 വര്‍ഷത്തിലെ പി.എം.എ.വൈ പദ്ധതിയിലുൾപ്പെടുത്തി വീട് അനുവദിച്ചത്. 420 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മാണം പൂര്‍ത്തിയായ വീടിന്റെ താക്കോല്‍ദാനം കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചപ്പോള്‍ സന്തോഷം പങ്കിടാനെത്തിയവരുടെ കൂട്ടത്തില്‍ കെ.ജി. രവീന്ദ്രനാഥും ഉണ്ടായിരുന്നു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, ജില്ല പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ്, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.