കൊടകര: വാസയോഗ്യമായ വീടില്ലാതെ വിഷമിക്കുന്ന വിദ്യാര്‍ഥിക്ക് അടച്ചുറപ്പുള്ള വീട് നിര്മിച്ചുനല്കാൻ പ്രധാനാധ്യാപികയുടെ നേതൃത്വത്തില്‍ സുമനസ്സുകള്‍ കൈകോര്‍ക്കുന്നു.
കൊടകര മനക്കുളങ്ങര കൃഷ്ണവിലാസ് യു.പി സ്കൂളിലെ അഞ്ചാം ക്ലാസുകാരനായ വിദ്യാര്‍ഥിക്കാണ് വീടൊരുങ്ങുന്നത്. അങ്ങേയറ്റം ശോച്യാവസ്ഥയിലുള്ള കൊച്ചുകുടിലിലാണ് ഇപ്പോള്‍ വിദ്യാർഥിയുടെ കുടുംബം കഴിയുന്നത്. ഷീറ്റു മേഞ്ഞ മേല്‍ക്കൂരയുള്ള വീട്ടില്‍ ശുചിമുറി ഇല്ലാത്തത് കുടുംബത്തെ അലട്ടുന്നു.
ഹൃദ്രോഗിയായ പിതാവ് ലോട്ടറി വിൽപന നടത്തി കിട്ടുന്ന തുഛ വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം. ദുരവസ്ഥ മനസിലാക്കിയ മനക്കുളങ്ങര കൃഷ്ണവിലാസം സ്കൂൾ പ്രധാനാധ്യാപിക പി.എസ്. സീമ മുന്‍കൈയെടുത്താണ് മഴക്കാലത്തിനു മുമ്പേ അടച്ചുറപ്പുള്ള വീട് നിര്മിച്ചുനല്കാൻ പരിശ്രമം തുടങ്ങിവെച്ചത്. ശുചിമുറിയടക്കം 400 ചതുരശ്ര അടി വിസ്തൃതിയുള്ള കൊച്ചുവീടാണ് പണിയാനൊരുങ്ങുന്നത്.
ഇതിനാവശ്യമായ തുക സുമനസ്സുകളില്‍നിന്ന് സമാഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് സീമ ടീച്ചറുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആളുകൾ. സാമ്പത്തികമായോ സാധനസാമഗ്രികള്‍ നല്‍കിയോ പങ്കാളികളാന് ആഗ്രഹിക്കുന്നവർ 9895787999 നമ്പറില്‍ ബന്ധപ്പെടണമെന്ന് പി.എസ്. സീമ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.