കൊടകര: കനത്തെ മഴയെ തുടര്‍ന്ന് മലയോര മേഖലയിലുള്ള മറ്റത്തൂരിലെ പാടശേഖരങ്ങള്‍ വെള്ളത്തിനടിയിലായി. വിരിപ്പുകൃഷി ചെയ്ത പാടങ്ങളും നേന്ത്രവാഴത്തോട്ടങ്ങളും വെള്ളത്തിനടിയിലാണ്. മരങ്ങള്‍ വീണ് വൈദ്യുതി കാലുകളും കമ്പികളും ഒടിഞ്ഞത് മേഖലയില്‍ മണക്കൂറുകളോളം വൈദ്യുതി വിതരണം തടസ്സപ്പെടാനും ഇടയാക്കി.
വെള്ളിക്കുളങ്ങര സെക്ഷനു കീഴിലെ വിവിധ പ്രദേശങ്ങളില്‍ മരങ്ങള്‍ ഒടിഞ്ഞുവീണതിനെ തുടര്‍ന്ന് വൈദ്യുതി വിതരണം നിലച്ചു. മോനൊടി, വാസുപുരം, ഇണ്ണോട്, അവിട്ടപ്പിള്ളി , മാങ്കുറ്റിപ്പാടം തുടങ്ങിയ പ്രദേശങ്ങളിലാണ് മരങ്ങള്‍ വീണ് വൈദ്യുതി കമ്പികള്‍ പൊട്ടിവീണിട്ടുള്ളത്. വൈദ്യുതി കാലുകളും ഒടിഞ്ഞു വീണു.
വെള്ളിക്കുളം വലിയതോട് കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് കോടാലി പാടശേഖരം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. അറുപത്തിയഞ്ച് ഏക്കർ വിരിപ്പ് കൃഷിയാണ് വെള്ളത്തിനടിയിലായത്. കോടാലി നെല്ലുല്‍പ്പാദക സമിതിക്കു കിഴില്‍ വരുന്ന പാടശേഖരത്തിലെ പകുതിയോളം നിലത്തില്‍ ഒരു മാസം മുമ്പാണ് നടീല്‍ പൂര്‍ത്തിയാക്കിയത്. ബാക്കി പകുതി നിലത്തില്‍ മൂന്നാഴ്ച മുമ്പ് വിതയും പൂര്‍ത്തിയാക്കിയിരുന്നു. ഒരു മാസത്തോളം വളര്‍ച്ചയെത്തിയതിനാല്‍ ഒന്നോ രണ്ടോ ദിവസം നെല്‍ച്ചെടികള്‍ വെള്ളത്തില്‍ മുങ്ങിക്കിടന്നാലും കൃഷിനാശം ഉണ്ടാകില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
എന്നാല്‍ മഴ തുടരുകയും കൂടുതല്‍ ദിവസങ്ങള്‍ നെല്‍ച്ചെടികള്‍ വെള്ളത്തിനടിയില്‍ കിടക്കുകയായും ചെയ്താല്‍ ഓലചീയല്‍ ബാധിച്ച് നശിച്ചുപോകാനിടയുണ്ടെന്നും കര്‍ഷകര്‍ ആശങ്കപ്പെടുന്നു. മഴയില്‍ വാഴത്തോട്ടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതും കര്‍ഷകരില്‍ ആശങ്ക നിറക്കുന്നു. രണ്ടു ദിവസത്തിലേറെ വെള്ളത്തില്‍ മുങ്ങിക്കിടന്നാല്‍ നേന്ത്രവാഴകള്‍ ചീഞ്ഞു പോകാനിടയുണ്ട്. കുലവന്നതും വിളവെടുപ്പിനു പാകമാകാറായതുമായ നേന്ത്രവാഴകളാണ് പലയിടത്തും വെള്ളത്തില്‍ നില്‍ക്കുന്നത്. ഓണക്കാല വിപണി ലക്ഷ്യമിട്ട് കൃഷിചെയ്ത നേന്ത്രവാഴകളും ഇക്കൂട്ടത്തിലുണ്ട്. വേനല്‍ക്കാലത്ത് അനുഭവപ്പെട്ട കഠിനമായ ചൂട് നേന്ത്രക്കായ ഉല്‍പ്പാദനം കുറയാനിടയാക്കിയതിനു പിന്നാലെയാണ് ഇപ്പോള്‍ വെള്ളക്കെട്ട് ഭീഷണി വാഴക്കര്‍ഷകരെ അലട്ടുന്നത്.
കൊടകര-വെള്ളിക്കുളങ്ങര റൂട്ടിലെ ചേലക്കാട്ടുകരയില്‍ ചൊവ്വാഴ്ച രാവിലെ മണിക്കൂറുകളോളം റോഡിലൂടെ മഴവെള്ളം ഒഴുകി. ചേലക്കാട്ടുകര പാലത്തിനു സമീപം മാങ്കുറ്റിപ്പാടം റോഡിലും വെള്ളം കയറി. ഇതേ തുടര്‍ന്ന് ഇതുവഴി പ്രദേശവാസികളുടെ സഞ്ചാരം ഉച്ചവരെ തടസ്സപ്പെട്ടു. ചാഴിക്കാട്, വാസുപുരം, മന്ദരപ്പിള്ളി, കിഴക്കേ കോടാലി, കോപ്ലിപ്പാടം, കൊടുങ്ങ, മോനൊടി എന്നിവിടങ്ങളിലെ പാടശേഖരങ്ങളും മഴയില്‍ മുങ്ങി.
വീടുകൾക്ക് നാശം
ആമ്പല്ലൂർ: ശക്തമായ മഴയിലും കാറ്റിലും മണ്ണംപേട്ട പൂക്കോട് വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. പൂക്കോട് പറപറമ്പത്ത് സുരേഷിന്റെ വീടിനു മുകളിലേക്കാണ് തൊട്ടടുത്ത പറമ്പില്‍ നിന്നിരുന്ന തെങ്ങ് വീണത്. ചൊവ്വാഴ്ച രാവിലെ 11നായിരുന്നു സംഭവം. വീടിന് കേടുപാടുകള്‍ സംഭവിച്ചു.
ആമ്പല്ലൂർ: ചെങ്ങാലൂർ ഹൈസ്കൂളിന് സമീപം വീടിന് മുകളിൽ തേക്ക് മരം കടപുഴകി വീണു. പൂവത്തുക്കാരൻ പോളിയുടെ വീടിന് മുകളിലാണ് മരംവീണത്. വീടിന്റെ ട്രസ് തകർന്നു. ആർക്കും പരിക്കില്ല.
ആമ്പല്ലൂർ: ശക്തമായ മഴയില്‍ കുറുമാലിപുഴ കരകവിഞ്ഞു. വരന്തരപ്പിള്ളി കരയാംപാടത്തെ 100 ഏക്കറോളം നെല്‍കൃഷി വെള്ളത്തിനടിയിലായി. കനത്ത മഴയും കുറുമാലി പുഴയുടെ ഒഴുക്കിനുണ്ടായ തടസ്സവുമാണ് കൃഷി വെള്ളത്തിലാകാന് കാരണമെന്ന് കര്‍ഷകര്‍ പറഞ്ഞു. പുഴയില്‍ തോട്ടുമുഖത്ത് വേനലില്‍ കെട്ടിയ താല്‍ക്കാലിക മൺചിറ പൂര്‍ണമായും നീക്കാത്തതാണ് വേഗത്തില്‍ വെള്ളം ഉയരാന്‍ കാരണമായതെന്നും കര്‍ഷകര്‍ ആരോപിച്ചു.
മഴ ശക്തമാവുന്നതോടെ ചിറയുടെ നടുഭാഗം ഒഴുക്കില്‍ സ്വാഭാവികമായി തകരുകയാണ് പതിവ്. പുഴയുടെ തീരങ്ങളോടുചേര്ന്നുള്ള ഭാഗം പൊളിച്ചുനീക്കാത്തതാണ് ഒഴുക്കിനെ ബാധിക്കാന്‍ കാരണമെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ഒഴുക്ക് തടസ്സപ്പെട്ടതോടെ പുഴയിലെ തോട്ടുമുഖം ജലസേചന പദ്ധതിയുടെ പമ്പു ഹൗസിന് സമീപത്തെ തോട്ടിലൂടെ സമീപ പ്രദേശങ്ങളിലേക്കും പാടത്തേക്കും വെള്ളം കയറുകയായിരുന്നു. തോട്ടുമുഖം പമ്പ് ഹൗസിലേക്ക് പോകുന്ന വഴി വെള്ളത്തിൽ മുങ്ങിയതോടെ പമ്പിങ് നിർത്തിവെച്ചു. ഓപ്പറേറ്റർമാർക്ക് പമ്പ് ഹൗസിലേക്ക് എത്താൻ സാധിക്കാത്തതാണ് പമ്പിങ് നിർത്താൻ കാരണം.
കൊടകര: കനത്തമഴയെ തുടര്‍ന്ന് മറ്റത്തൂര്‍ പഞ്ചായത്തിലെ മോനൊടിയില്‍ വീട് ഭാഗികമായി തകര്‍ന്നു. പുതുശേരി രാജുവിന്റെ ഓടിട്ട വീടിന്റെ പിറകുവശമാണ് ചൊവ്വാഴ്ച ഉച്ചയോടെ തകര്‍ന്നത്. സംഭവസമയത്ത് വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായി.
കൊടകര: പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂര്‍ ജനത യു.പി സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കുറുമാലിപുഴയില്‍ ജലനിരപ്പുയരുന്നതു കണക്കലെടുത്ത് പന്തല്ലൂരിലെ ഒരു കുടുംബത്തെ ജനത യു.പി സ്കൂളില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 76 വയസുള്ള അമ്മയെയും 36 വയസുള്ള മകളെയുമാണ് ക്യാമ്പിലേക്ക് മാറ്റിപാര്‍പ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.