കൊടകര: ആറ് പതിറ്റാണ്ടിലേറെ മേള നിരയില്‍ നിറഞ്ഞുനിന്ന ഇലത്താള കലാകാരനാണ് വ്യാഴാഴ്ച പുലര്‍ച്ച കൊടകരയില്‍ അന്തരിച്ച കൊടകര കുണ്ടനാട്ട് നാരായണന്‍നായര്‍. പ്രശസ്തരായ ഒട്ടേരെ വാദ്യപ്രമാണിമാരോടൊപ്പം പഞ്ചാരിമേളത്തിലും പഞ്ചവാദ്യത്തിലും പങ്കെടുത്ത നാരായണന് നായര്‍ 13ാം വയസ്സിലാണ് ഇലത്താള രംഗത്തേക്ക് കടന്നുവന്നത്. നന്തിപുലം പയ്യൂര്‍ക്കാവ് ദേവി ക്ഷേത്രത്തിലെ വെളിച്ചപ്പാടിന്റെ പ്രോത്സാഹനത്തിലാണ് നാരായണന്‍നായര്‍ പാനപറയിലെ ഇലത്താളക്കാരനായി എത്തിയത്. ആവശ്യമായ ഇലത്താളവും അന്നത്തെ വെളിച്ചപ്പാടായിരുന്ന മാണിക്യനാണ് വാങ്ങിക്കൊടുത്തത്. പിന്നീട് പ്രഗല്ഭര്ക്കൊപ്പം മേളനിരകളില് ഇലത്താളക്കാരനായി തിളങ്ങി. തൃപ്പേക്കുളം അച്യുതമാരാര്‍, ചക്കംകുളം അപ്പുമാരാര്‍ തുടങ്ങി പ്രശസ്തരായ കലാകാരന്മാര്ക്കൊപ്പം മേളത്തില്‍ പങ്കെടുത്തു.
കൂടല്‍മാണിക്യം, ആറാട്ടുപുഴ, പെരുവനം, കണ്ണമ്പുഴ തുടങ്ങി ജില്ലക്കകത്തും പുറത്തുമുള്ള ഒട്ടേറെ പൂരങ്ങളിലും ഉത്സവങ്ങളിലും പങ്കാളിയായി. കൊടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേളകല സംഗീത സമിതിയുടെ 2015ലെ സുവര്‍ണ മുദ്ര പുരസ്കാരം ഈ കലാകാരന് ലഭിച്ചിരുന്നു. കൊടകര പൂനിലാര്‍ക്കാവ്, നന്തിപുലം പയ്യൂര്‍ക്കാവ് ക്ഷേത്രസമിതികള് നാരായണന്‍നായരെ സുവര്‍ണമുദ്ര നല്കി ആദരിച്ചിരുന്നു. 2016ല്‍ കൊടകരയിലെ മേളപ്രേമികള്‍ ചേര്‍ന്ന് സാംസ്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് താളായനം എന്ന പേരില്‍ നാരായണന്‍നായരുടെ 80ാം പിറന്നാൾ ആഘോഷം സംഘടിപ്പിച്ചിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചയായിരുന്നു അന്ത്യം. പെരുവനം കുട്ടൻ മാരാര്‍, കിഴക്കൂട്ട് അനിയൻ മാരാര്‍, പെരുവനം സതീശന് മാരാര്‍, കലാമണ്ഡലം ശിവദാസ്, സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ, കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളിസോമന്‍, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍, സുനില്‍ അന്തിക്കാട് എന്നിവരടക്കം സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ പരേതന്റെ വസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.