തൃശൂർ: കൊടകര കുഴൽപണ കേസിൽ ബി.ജെ.പിയെ കൂടുതൽ കുരുക്കിലാക്കി തൃശൂർ ജില്ല ഓഫിസ് സെക്രട്ടറിയുടെ മൊഴി. പണംകടത്തിയ ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജിനും ഡ്രൈവർ ഷംജീറിനും സഹായി റഷീദിനും തൃശൂരിൽ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് നൽകിയത് നേതാക്കൾ പറഞ്ഞതനുസരിച്ചാണെന്ന് ബി.ജെ.പി തൃശൂർ ജില്ല ഓഫിസ് സെക്രട്ടറി സതീശ് അന്വേഷണ സംഘത്തിന് മൊഴി നൽകി.
രണ്ട് മുറികൾ ബുക്ക് ചെയ്തിരുന്നുവെന്നും രാത്രി പന്ത്രണ്ടോടെ മുറി ഒഴിഞ്ഞുവെന്നും ബി.ജെ.പി ജില്ല ഓഫിസിൽനിന്ന് വിളിച്ചുപറഞ്ഞിട്ടാണ് മുറി നൽകിയതെന്നും ലോഡ്ജ് ജീവനക്കാരൻ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതനുസരിച്ചാണ് സതീശിനെ വിളിപ്പിച്ചത്. ജില്ല നേതാക്കളുടെ നിർദേശപ്രകാരമാണ് മുറിയെടുത്തതെന്നും ആർക്ക് വേണ്ടിയാണെന്ന് അറിയില്ലെന്നും നാലുമാസം മുമ്പ് മാത്രമാണ് ഓഫിസ് സെക്രട്ടറിയായി ചുമതലയേറ്റതെന്നും കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും സതീശ് അന്വേഷണ സംഘത്തോട് പറഞ്ഞു. കുഴൽപണ കേസിൽ ഉൾപ്പെട്ട ധർമരാജ്, സുനിൽ നായിക് എന്നിവരെ പരിചയമില്ല. ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളുമായി തനിക്ക് അടുപ്പമില്ലെന്നും സതീശ് മൊഴി നൽകി. വിശദ മൊഴി രേഖപ്പെടുത്തിയശേഷം ഇയാളെ വിട്ടയച്ചു.
മുറിയെടുത്ത് നൽകിയത് ജില്ല നേതാക്കൾ പറഞ്ഞിട്ടാണെന്ന മൊഴി ജില്ല നേതാക്കൾ നേരത്തേ നൽകിയ മൊഴികൾക്ക് വിരുദ്ധമാണ്. ഇതോടെ നേതൃത്വം കൂടുതൽ കുരുക്കിലായി. പണവുമായോ, പണം കവർന്ന സംഭവത്തിലോ പാർട്ടിക്കോ, നേതാക്കൾക്കോ ബന്ധമില്ലെന്നായിരുന്നു ഇതുവരെയുള്ള വാദം. എന്നാൽ, മുറിയെടുത്ത് നൽകിയത് പാർട്ടി നേതാക്കളുടെ നിർദേശമനുസരിച്ചാണെന്ന് ഓഫിസ് സെക്രട്ടറി സ്ഥിരീകരിച്ചതോടെ പണമെത്തുന്ന വിവരം നേതാക്കൾ അറിഞ്ഞിരുന്നുവെന്നും ആർക്കുള്ളതാണെന്ന് അറിയാമായിരുന്നുവെന്നുമുള്ള വിലയിരുത്തലിലാണ് പൊലീസ്. മൊഴികളിലെ വൈരുധ്യം ശ്രദ്ധിച്ച പൊലീസ് സംസ്ഥാന സംഘടന സെക്രട്ടറി അടക്കമുള്ള നേതാക്കളെ വീണ്ടും വിളിപ്പിക്കും. കൂടുതൽ നേതാക്കളിലേക്ക് അന്വേഷണം നീങ്ങുകയാണെന്ന സൂചനയും പൊലീസ് നൽകി. ഇതിനകം പ്രതികളും ബന്ധുക്കളും മറ്റുള്ളവരുമൊക്കെയായി 70ലധികം പേരിൽ നിന്നായി പൊലീസ് വിവരശേഖരണം നടത്തി.
അതിനിടെ കേസിലെ 12 പ്രതികളുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിൽ പൊലീസ് പരിശോധന നടത്തി. കവർച്ച ചെയ്യപ്പെട്ട കൂടുതൽ പണം വീണ്ടെടുക്കുന്നതിനായിരുന്നു പരിശോധന. എന്നാൽ പണം കണ്ടെത്താനായില്ല. കേസിൽ ഇതുവരെ 1.28 കോടി രൂപ പലയിടങ്ങളിൽ നിന്നായി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
െകാച്ചി: കൊടകര കുഴൽപണ തട്ടിപ്പ് കേസ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന കള്ളപ്പണമാണ് പിടികൂടിയതെന്ന് ആരോപണമുയർന്നിട്ടും ഇ.ഡി ഉദ്യോഗസ്ഥർ നടപടിയെടുത്തില്ലെന്ന് കാട്ടി ലോക്താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡൻറ് സലീം മടവൂരാണ് ഹരജി നൽകിയത്.
നിയമസഭ തെരഞ്ഞെടുപ്പിൽ ചെലവഴിക്കാൻ ബി.ജെ.പി കർണാടക ഘടകം കൊടുത്തുവിെട്ടന്ന് സംശയിക്കുന്ന 3.5 കോടി രൂപ തൃശൂർ കൊടകരയിൽ കാർ തടഞ്ഞ് തട്ടിയെടുത്ത സംഭവമാണ് അന്വേഷണത്തിലുള്ളത്. കോഴിക്കോടുനിന്ന് വന്ന കാർ ഏപ്രിൽ മൂന്നിന് കൊടകര ദേശീയപാതയിൽ ഒരുസംഘം തടഞ്ഞുനിർത്തി പണം തട്ടിയെടുത്തെന്നാണ് കാറിെൻറ ഉടമയെന്ന് അവകാശപ്പെടുന്ന ധർമജൻ പൊലീസിൽ പരാതി നൽകിയത്.
25 ലക്ഷം നഷ്ടമായെന്നാണ് പരാതിയിലുള്ളതെങ്കിലും 3.5 കോടിയാണ് നഷ്ടപ്പെട്ടതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി ഡയറക്ടർക്കും ഡെപ്യൂട്ടി ഡയറക്ടർക്കും നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ല. നിവേദനങ്ങൾ പരിഗണിച്ച് അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.