ത​ക​ര്‍ച്ചാ​ഭീ​ഷ​ണി​യി​ലാ​യ വീ​ടി​നു മു​ന്നി​ല്‍ ലീ​ല

ചോര്‍ന്നൊലിക്കാത്ത വീട് ലീലയുടെ സ്വപ്നം

കൊടകര: ചോര്‍ന്നൊലിക്കാത്ത വീട് സ്വപ്‌നം കണ്ട് കഴിയുകയാണ് മറ്റത്തൂര്‍ ചെട്ടിച്ചാലില്‍ തനിച്ചു താമസിക്കുന്ന വയോധികയായ ലീല.

വീട് ചോര്‍ന്നൊലിക്കുന്നതിനാല്‍ മഴക്കാലത്ത് സമീപത്തെ ബന്ധുവിന്റെ വീട്ടിലാണ് ഇവര്‍ അന്തിയുറങ്ങുന്നത്. 30 വര്‍ഷം മുമ്പ് അമൃതാനന്ദമയി മഠത്തിന്റൈ സഹായത്തോടെ നിർമിച്ചുകിട്ടിയ കൊച്ചുവീട്ടിലാണ് ചെട്ടിച്ചാല്‍ തണ്ടാശേരി ലീല താമസിക്കുന്നത്.

രണ്ടു മുറികള്‍ മാത്രമുള്ള ഈ വീടിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയിലെ സിമന്റ് അടര്‍ന്ന് തുരുമ്പിച്ച കമ്പികള്‍ പുറത്തുകാണുന്ന അവസ്ഥയിലാണ്. മഴ പെയ്താല്‍ വീട് പരക്കെ ചോര്‍ന്നൊലിക്കും. പ്ലാസ്റ്റിക് ഷീറ്റ് വാങ്ങി വീടിനു മുകളില്‍ പുതപ്പിച്ചിട്ടും ചോര്‍ച്ച തടയാന്‍ കഴിഞ്ഞിട്ടില്ല. സാമ്പത്തിക പരാധീനത മൂലം വര്‍ഷം തോറും ഇങ്ങനെ ഷീറ്റ് വാങ്ങി മേല്‍ക്കൂര മൂടാന്‍ ഇവര്‍ക്ക് കഴിയാറില്ല. ഇതുമൂലം മഴക്കാലമായാല്‍ അടുത്തുള്ള ബന്ധുവിന്റെ വീട്ടിലാണ് അന്തിയുറങ്ങുന്നതെന്ന് ലീല പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പേ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതോടെ ഏറെ പ്രയാസപ്പെട്ടാണ് മക്കളെ വളര്‍ത്തിയത്.

മൂന്നു പെണ്‍മക്കളുടേയും വിവാഹം കഴിഞ്ഞതോടെ ലീല തനിച്ചായി. അതിനിടെ വാതരോഗം വന്ന് കാലുകള്‍ക്ക് തളര്‍ച്ച ബാധിച്ചതോടെ ജോലിക്കു പോകാന്‍ കഴിയാതായി. ക്ഷേമ പെന്‍ഷനെ ആശ്രയിച്ചാണ് ലീലയുടെ ഉപജീവനം. ചോര്‍ന്നൊലിക്കാത്തതും അടച്ചുറപ്പുള്ളതുമായ ഒരു വീട്ടില്‍ അന്തിയുറങ്ങണമെന്ന ആഗ്രഹമാണ് ലീലക്കുള്ളത്. ഇതിനായി അപേക്ഷകള്‍ നല്‍കിയെങ്കിലും ഇനിയും അനുവദിച്ചു കിട്ടിയിട്ടില്ല. ഒരു വര്‍ഷം മുമ്പ് വീട് അറ്റകുറ്റപ്പണി നടത്തി ചോര്‍ച്ച പരിഹരിക്കാന്‍ പഞ്ചായത്തില്‍ നിന്ന് തുക അനുവദിച്ചെങ്കിലും തകർന്നുവീഴാറായി നില്‍ക്കുന്ന മേല്‍ക്കൂരയില്‍ അറ്റകുറ്റപ്പണി നടത്തിയിട്ട് ഫലമില്ലെന്നതിനാല്‍ മുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് മേയുക മാത്രമാണ് ചെയ്തത്.

വീട് ദുര്‍ബലാവസ്ഥയിലാണെങ്കിലും മേല്‍ക്കൂര കോണ്‍ക്രീറ്റായതാണ് തനിക്ക് വീട് അനുവദിച്ചുകിട്ടാന്‍ തടസ്സമെന്ന് ലീല പറയുന്നു. വേനൽച്ചൂട് സഹിക്കാനാകാതെ എല്ലാവരും മഴക്കായി കാത്തിരിക്കുമ്പോള്‍ ചോര്‍ച്ച ഭയന്ന് മഴ പെയ്യരുതേ എന്ന് പ്രാര്‍ഥിക്കുകയാണ് ലീല.

Tags:    
News Summary - Leela's dream is a safe home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.