കൊടകര: നാലു മാസത്തോളമായി ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ചാലക്കുടി വനം ഡിവിഷൻ വെള്ളിക്കുളങ്ങര റേഞ്ചിന് കീഴില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ഫോറസ്റ്റ് വാച്ചര്‍മാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. വനത്തില്‍ പോകാതെ വാസുപുരം, ചട്ടിക്കുളം എന്നിവിടങ്ങളിലെ ഫോറസ്റ്റ് സ്റ്റേഷനുകളില്‍ ഇവർ നിൽപ്പു സമരം തുടങ്ങിയിരിക്കുകയാണ്.
രാപകല്‍ ഭേദമില്ലാതെ വനത്തില്‍ കാവല്‍ ജോലി ചെയ്യുന്ന ഇരുപത്തഞ്ചോളം താല്‍ക്കാലിക വാച്ചര്‍മാരാണ് വെള്ളിക്കുളങ്ങര റേഞ്ചിലുള്ളത്.
വര്‍ഷങ്ങളായി ഈ ജോലി ചെയ്തുവരുന്ന തങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മിനിമം വേതനം പോലും ലഭിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. 30 ദിവസം പണിയെടുത്താലും 20 മുതല്‍ 22 വരെ ദിവസത്തെ വേതനം മാത്രമാണ് നല്‍കിവരുന്നത്.
ശമ്പളമില്ലാത്തതിനാൽ പലരും കടം വാങ്ങിയാണ് കുടുംബം പട്ടിണിയില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നത്. വായ്പകളടക്കം കടബാധ്യതകള്‍ തീര്‍ക്കാന്‍ ഇവര്‍ പ്രയാസപ്പെടുന്നു. മേലുദ്യോഗസ്ഥരോട് പരാതിപ്പെടുമ്പോള്‍ ശമ്പളം നല്കാന് ഫണ്ട് വന്നിട്ടില്ല എന്ന മറുപടിയാണ് കിട്ടുന്നതെന്ന് ഫോറസ്റ്റ് വര്‍ക്കേഴ്സ് യൂനിയന്‍ ചാലക്കുടി ഡിവിഷന് ജോയന്റ് സെക്രട്ടറിയും സീനിയര്‍ വാച്ചറുമായ വി. രാജഗോപാല്‍ പറഞ്ഞു.
എത്രയും വേഗം വേതന കുടിശ്ശിക നല്‍കണമെന്നും തുടര്‍മാസങ്ങളില്‍ പത്താം തീയതിക്കകം മുടങ്ങാതെ വേതനം നല്‍കാനുള്ള നടപടി ഉണ്ടാകണമെന്നുമാണ് താല്‍ക്കാലിക വാച്ചര്‍മാരുടെ ആവശ്യം.
30 ദിവസവും ജോലി ചെയ്യുന്ന തങ്ങള്‍ക്ക് 26 ദിവസത്തെ വേതനമെങ്കിലും നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. രാത്രികാലങ്ങളില്‍ കാട്ടിലൂടെ സഞ്ചരിക്കുന്നതിന് ആവശ്യമായ ടോര്‍ച്ച്, ബൂട്ട് അനുബന്ധ സാമഗ്രികള്‍ എന്നിവ അനുവദിക്കണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ടുവെക്കുന്നു. വേതന കുടിശ്ശിക അടക്കമുള്ള തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടുന്നതുവരെ ഫോറസ്റ്റ് സ്റ്റേഷനുകളില്‍ കുത്തിയിരിക്കാനാണ് ഇവരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.