കൊടകര: കരുതല്‍ മേഖല വിഷയത്തിൽ മലയോര മേഖല സർവത്ര ആശയക്കുഴപ്പത്തില്‍. സംരക്ഷിത വനത്തിനോട് ചേർന്ന ഏതൊക്കെ പ്രദേശങ്ങള്‍ കരുതല്‍ മേഖലയില്‍ ഉള്പ്പടുന്നുവെന്നത് സംബന്ധിച്ച് വ്യക്തമായ വിശദീകരണം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതാണ് പ്രശ്നകാരണം. വീടുകളും ആരാധനാലയങ്ങളുമെല്ലാം കരുതൽ മേഖലയുടെ കരട് ഭൂപടത്തിൽ ഉൾപ്പെട്ടതോടെ ജനം ആശങ്കയിലാണ്.
മറ്റത്തൂര്‍ പഞ്ചായത്തിലെ താളൂപ്പാടം, ചൊക്കന, ഇഞ്ചക്കുണ്ട് വാര്‍ഡുകളില്‍പെട്ട ഏതാനും പ്രദേശങ്ങള്‍ കരുതല്‍ മേഖലയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇതില്‍ ജനവാസ മേഖല കുറവാണെന്നാണ് പറയുന്നത്. ഇതുസംബന്ധിച്ച് ഇനിയും വ്യക്തത കൈവന്നിട്ടില്ല. വെള്ളിക്കുളങ്ങര വില്ലേജില്‍ ഉള്‍പ്പെടുന്ന മുപ്ലി ഗ്രാമം കരുതല്‍ മേഖലയില്‍ ഉണ്ടെന്നാണ് വിവരം.
മുപ്പതോളം കുടുംബങ്ങളാണ് മുപ്ലി ഗ്രാമത്തിലുള്ളത്. ചൊക്കന കാരിക്കടവ് മേഖലയിലെ റബര്‍ എസ്റ്റേറ്റുകളും തൊഴിലാളികളുടെ വാസസ്ഥലങ്ങളും ഇതിന്റെ പരിധിയില്‍ വരും. കഴിഞ്ഞ ദിവസം മറ്റത്തൂര്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വനം വകുപ്പ് അധികൃതര്‍ കരുതല്‍ മേഖലയിലുള്‍പ്പെടുന്ന പ്രദേശങ്ങളെക്കുറിച്ച് ജനപ്രതിനിധികള്‍ക്ക് വിശദീകരണം നല്‍കിയെങ്കിലും ഏതൊക്കെ സ്ഥലങ്ങള്‍ ഉള്‍പ്പെടുമെന്നതു സംബന്ധിച്ച വ്യക്തത കൈവന്നിട്ടില്ല.
കരുതല്‍ മേഖലയില്‍പെടുന്ന ഭൂമിയുടെ സര്‍വേ നമ്പറുകളും ഭൂപടവും ലഭ്യമാക്കി ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ജനപ്രതിനിധികള്‍ റവന്യൂ-വനം അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒല്ലുർ: പീച്ചി-വാഴാനി വന്യജീവി സങ്കേതത്തോട് ചേർന്നുള്ള ജനവാസ മേഖലയായ പാണഞ്ചേരി പഞ്ചായത്ത് കരുതൽ മേഖലയുടെ ആശങ്കയിൽ കഴിയുന്ന പ്രദേശമാണ്. 1961 മുതൽ ഇവിടെ മലയോര കർഷകർ കുടിയേറി കൃഷി ഇറക്കിയ ഭൂമിയുടെ ബഹുഭൂരിപക്ഷവും കരുതൽ മേഖലയിൽ ഉൾപ്പെടും.
വിവിധ ക്രൈസ്തവ ആരാധനാലയങ്ങൾ, പീച്ചിയിലെ ആശുപത്രി, പട്ടിക്കാട് സ്കൂൾ തുടങ്ങിയവയും കരുതൽ മേഖലക്കുള്ളിൽപെടും. ഈ പ്രശ്നം ചർച്ച ചെയ്യാൻ തിങ്കളാഴ്ച രണ്ടിന് പഞ്ചായത്ത് ഹാളിൽ ജനപ്രതിനിധികൾ, പാർട്ടി പ്രതിനിധികൾ, പൊതുപ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ച് യോഗം നടക്കുന്നുണ്ട്.
ചേലക്കര: തിരുവില്വാമല, ചേലക്കര, പഴയന്നൂർ പഞ്ചായത്ത് നിവാസികളും കരുതൽ മേഖലയുടെ ആശങ്കയിലാണ്. ഉപഗ്രഹ ചിത്രങ്ങളിൽ കണ്ടെത്താത്ത നിർമിതികളുടെ ഉടമകളാണ് എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിൽ.
ഒരേ സർവേ നമ്പറിൽ ഒന്നിലധികം വീടുകളും നിർമിതികളുണ്ടെങ്കിലും ഉപഗ്രഹ സർവേയിൽ പലതും രേഖപ്പെടുത്തിയിട്ടില്ല. വാഴാനി വനാതിർത്തിയിലുള്ള ചേലക്കരയിലെ കുറുമല, പുലാക്കോട്, തോന്നൂർക്കര, പങ്ങാരപ്പള്ളി വില്ലേജുകൾ കരുതൽ മേഖലയിൽപ്പെട്ടിട്ടുണ്ട്.
പുരയിടങ്ങളും കൃഷിയിടങ്ങളും ഏറെയുണ്ട് മേഖലയിൽ. പീച്ചി വന്യജീവി സങ്കേതത്തിന്റെ അതിർത്തിയോട് ചേർന്ന പഴയന്നൂർ പഞ്ചായത്തിലെ എളനാട് വില്ലേജിൽ ഉൾപ്പെടുന്ന 11,12,13 വാർഡുകളിലെ ചില സർവേ നമ്പറുകളാണ് കരുതൽ മേഖലയിൽപ്പെട്ടിട്ടുള്ളത്.
കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇവിടെ ഹെൽപ് ഡെസ്ക് തുടങ്ങിയിട്ടുണ്ട്. സർവേ നമ്പർ വിവരങ്ങൾ ഉൾപ്പെടുത്തി പല ഭൂവുടമകളും പരാതി നൽകിക്കൊണ്ടിരിക്കുകയാണ്. പാലക്കാട് ചൂലന്നൂർ മയിൽ സങ്കേതത്തോട് ചേർന്നുള്ള തിരുവില്വാമല പഞ്ചായത്തിലെ ഏഴ്, എട്ട് 15,17 വാർഡുകളാണ് കരുതൽ മേഖലയിൽ വരുന്നത്. ഇവിടെ പഞ്ചായത്തുതലത്തിൽ ഹെൽപ് ഡെസ്ക് തുറന്നിട്ടുണ്ട്.
ചാലക്കുടി: ബഫർസോൺ അടയാളപ്പെടുത്തിയ മാപ്പ് പൊതുജനങ്ങൾക്ക് കൂടുതലായി ലഭ്യമായതോടെ കോടശ്ശേരി പഞ്ചായത്ത് നിവാസികൾ ആശങ്കയിലാണ്. ചാലക്കുടി മേഖലയിൽ അതിരപ്പിള്ളി, പരിയാരം, കോടശ്ശേരി പഞ്ചായത്തുകളാണ് മലയോര മേഖലയിൽ പെടുന്നത്.
ചിമ്മിനി വന്യമൃഗസങ്കേതം ഇവിടെനിന്ന് അകലെയാണെങ്കിലും അതിന്റെ പരിധിയിലാണ് ഈ മൂന്നു പഞ്ചായത്തുകളെയും മാപ്പിങ്ങിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ അതിരപ്പിള്ളിയിലാണ് കൂടുതൽ വനമേഖലയുള്ളത്. സാറ്റലൈറ്റ് മാപ്പിങ്ങിൽ ഇവയൊന്നും കരുതൽ മേഖലയിൽ കാര്യമായി പെട്ടിട്ടില്ല. കോടശ്ശേരി പഞ്ചായത്തിലെ കുറ്റിച്ചിറ വില്ലേജിന്റെ കിഴക്കൻ ഭാഗങ്ങളാണ് പ്രധാനമായും ഉൾപ്പെട്ടിട്ടുള്ളത്. മാപ് പ്രസിദ്ധപ്പെടുത്തിയതോടെ പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകളിലെ ജനങ്ങൾ അസ്വസ്ഥരാണ്. പകൽ യോഗങ്ങളും രാത്രിയിലെ പന്തം കൊളുത്തിപ്രകടനങ്ങളും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.